painter

കൊച്ചി: വിടപറഞ്ഞ വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന്റെ വിപുലമായ പുസ്തകശേഖരം ഇനി ജന്മനാടിന് സ്വന്തം. അമൂല്യമായ കലാപഠന ഗ്രന്ഥങ്ങളടക്കമുള്ള ലൈബ്രറി എറണാകുളം ദർബാർഹാൾ ആർട്ട് ഗ്യാലറിയുടെ മുകൾനിലയിൽ സ‌ജ്ജമായി. 'ധ്യാനചിത്ര: എ രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ്' എന്ന സംരംഭം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. രാമചന്ദ്രന്റെ ജ്ഞാനസമ്പത്ത് തലമുറകൾക്ക് കൈമാറുന്നതിനാണ് കേരള ലളിതകലാ അക്കാഡമി ഈ ദൗത്യം ഏറ്റെടുത്തതെന്ന് ചെയർപേഴ്സൺ മുരളി ചീരോത്തും സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കലാമേഖലയിൽ പ്രവർത്തിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും മുതൽക്കൂട്ടാകുന്നതാണ് രാമചന്ദ്രന്റെ പുസ്തകശേഖരം. ക്ലാസിക്കൽ ഇന്ത്യൻ കല, ഐക്കണോഗ്രഫി, ഏഷ്യൻ , ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ കലാപാരമ്പര്യങ്ങൾ എന്നിവ പ്രതിപാദിക്കുന്ന പുസ്തകങ്ങളും ഇതിലുണ്ട്. ലോകപ്രശസ്ത കലാകാരന്മാരെക്കുറിച്ചുള്ള പഠനങ്ങളുടേയും മോണോഗ്രാഫുകളുടേയും ഒരു ശേഖരവും ഉൾപ്പെടുന്നു. രാമചന്ദ്രൻ തന്റെ സ്റ്റുഡിയോയിൽ രൂപകല്പന ചെയ്ത അതേ പുസ്തക ഷെൽഫുകൾ തന്നെയാണ് അക്കാഡമിയിലും ഉപയോഗിച്ചിരിക്കുന്നത്.

അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളടക്കമുള്ള അമൂല്യവസ്തുക്കളും ഗാലറിയിലുണ്ടാകും. ഇതോടനുബന്ധിച്ച് പോഡ്കാസ്റ്റ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. വിഷ്വൽ കൾച്ചറൽ ലാബിലേക്കുള്ള മെമ്പർഷിപ്പ് വിതരണം ഉടൻ തുടങ്ങും. എന്നാൽ പുസ്തകങ്ങൾ പുറത്തേക്ക് കൊടുത്തയക്കില്ല.

ഉദ്ഘാടനസമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷതവഹിക്കും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും. എ. രാമചന്ദ്രന്റെ മക്കളായ രാഹുലും സുജാതയും പങ്കെടുക്കും.