നിർമ്മാണം തുടങ്ങിയിട്ട് നാലുവർഷം
• അനുവദിച്ച സമയം തീരാൻ ഒരുമാസം മാത്രം, പണി എങ്ങുമെത്തിയില്ല.
• കരാറുകാരന് പിഴയിട്ട് കോർപ്പറേഷൻ
• ഓംബുഡ്സ്‌മാൻ വിധി അട്ടിമറിച്ച് കരാർ നീട്ടാൻ നീക്കമെന്ന് ആരോപണം
കൊച്ചി: ഓംബുഡ്സ്‌മാൻ അനുവദിച്ച കാലാവധിയും കഴിയാറായിട്ടും പൂർത്തിയാകാതെ ടി.പി (തേവര - പേരണ്ടൂർ) കനാൽ നവീകരണം. നാലുവർഷമായി നിർമ്മാണം തുടങ്ങിയിട്ട്. തദ്ദേശസ്ഥാപന ഓംബുഡ്സ്‌മാൻ സെപ്തംബർവരെ സമയം നീട്ടിനൽകുകയായിരുന്നു. പൂർത്തിയായില്ലെങ്കിൽ കോർപ്പറേഷൻ നൽകിയ മുഴുവൻ തുകയും തിരികെ നൽകണമെന്നും കോൺട്രാക്ടർക്ക് ഓംബുഡ്സ്‌മാൻ നിർദ്ദേശം നൽകി. എന്നാൽ സെപ്തംബറായിട്ടും നിർമ്മാണം എങ്ങുമെത്താതായതോടെ ഇക്കാര്യം കഴിഞ്ഞദിവസം നടന്ന കൗൺസിലിൽ ചർച്ചചെയ്യുകയും നവംബർവരെ നീട്ടി നൽകണമെന്ന് ഓംബുഡ്സ്‌മാനോട് ആവശ്യപ്പെടാൻ തീരുമാനിക്കുകയുമായിരുന്നു. ഓംബുഡ്സ്‌മാൻ അനുവദിച്ചാൽ നീളുന്ന ഓരോമാസവും 50000രൂപവീതം പിഴ ഈടാക്കും. ഓംബുഡ്സ്‌മാൻ നിർദ്ദേശിച്ചപോലെ സെപ്തംബറിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എൻജിനിയറിംഗ് വിഭാഗം അറിയിച്ചു. കനാലിൽ പൈലിംഗ് ചെയ്ത് സ്ലാബിറക്കി സംരക്ഷണഭിത്തി നിർമ്മിക്കുന്നതായിരുന്നു പദ്ധതി. വേലിയേറ്റ സമയത്ത് ജോലികൾ തടസപ്പെടുന്നതായി കണ്ടെത്തിയതോടെയാണ് സാവകാശം നൽകണമെന്ന ആവശ്യം കൗൺസിലിൽ ഉയർന്നത്.
പദ്ധതി
അമൃത് പദ്ധതിയുടെ ഭാഗമായാണ് തേവര - പേരണ്ടൂർ കനാൽ നവീകരണം. ഇരുഭാഗവും സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുന്നതിനായി 2016ൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. 2018ൽ 16കോടിരൂപയ്ക്ക് ടി.എ. സേവ്യർ ആൻഡ് സൺസ് എൻജിനിയേഴ്‌സ് ആൻഡ് കോൺട്രാക്ടേഴ്‌സ് പ്രവൃത്തി ഏറ്റെടുത്തു. തുടക്കത്തിലേ പ്രശ്‌നങ്ങൾ ആരംഭിച്ചു. സ്ലാബുകൾ താഴ്ത്തുമ്പോൾ മണ്ണിടിഞ്ഞു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നു ജോലികൾ നിറുത്തിവച്ചു. സ്ളാബും പൈലുംവാർത്ത് മണ്ണിലുറപ്പിക്കുന്ന ഘട്ടത്തിലായിരുന്നു പ്രശ്‌നങ്ങൾ.
ഇതേത്തുടർന്ന് പദ്ധതിച്ചെലവ് പുതുക്കി. മണ്ണിടിയാതിരിക്കാൻ പുതുക്കിയ എസ്റ്റിമേറ്റിൽ ഷീറ്റ് പൈൽ ഒന്നിന് 3729 രൂപയാണ് നിർദേശിച്ചിരുന്നതെങ്കിലും 1036 രൂപയ്ക്കാണ് കോർപ്പറേഷൻ അനുമതി നൽകിയത്. കരാറുകാരൻ ഈ തുകയ്ക്കു പണിചെയ്യാൻ വിസമ്മതിച്ചു. അതോടെ തൃശൂർ എൻജിനിയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തി മണ്ണിടിയാത്ത രീതിയിൽ ഷീറ്റ് പൈലിംഗ് നടത്തണമെന്ന നിർദ്ദേശംവച്ചു. പഠനം പൂർത്തിയാക്കാൻ രണ്ടുവർഷമെടുത്തു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തിയാണ് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
കാലാവധി നീട്ടിനൽകുന്ന തീരുമാനത്തിനെതിരെ കോടതി അലക്ഷ്യത്തിന് കേസ് നൽകും. ഓംബുഡ്സ്‌മാനും പരാതി നൽകും
ചെഷയർ,
വിവരാവകാശ പ്രവർത്തകൻ