അങ്കമാലി: നഗരസഭ ഹരിത കർമ്മസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് ഗുരുതര പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നതായി പ്രതിപക്ഷ ആരോപണം. ഹരിതകർമ്മ സേന ശേഖരിക്കുന്ന ചെരുപ്പുകളും ഇ വേസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും പല വാർഡുകളിലെയും റോഡ് അരികുകളിൽ കൂട്ടിയിട്ടും മതിലുകളുടെ മുകളിൽ കയറ്റി വച്ചും നഗരകാഴ്ചയായി മാറിയിട്ട് ആഴ്ചകൾ പിന്നിടുന്നു. പല ഇടങ്ങളിലും നായ്ക്കൾ വലിച്ച് കീറിയും ആക്രി പെറുക്കുന്നവർ ആവശ്യമുള്ളവ എടുത്ത് ബാക്കി വാരിവലിച്ചിട്ടും ഇരിക്കുന്ന അവസ്ഥയിലുമാണ്. കുറെ മാലിന്യങ്ങൾ കാക്കകൾ കൊത്തിയിട്ട് ജലാശയങ്ങളെ മലിനമാക്കുകയും ചെയ്തിരിക്കുന്നു.
നഗരസഭ പഴയ കെട്ടിടത്തിന്റെ പിന്നാമ്പുറം പ്ലാസ്റ്റിക്ക് മാലിന്യ മലയായി തീർന്നിരിക്കുകയാണ്. ഇവിടെത്തന്നെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ മലമൂത്രവിസർജനം നടത്തുന്നതും. നായ്ക്കളുടെയും പൂച്ചകളുടെയും ഇഴജന്തുക്കളുടെയും വിഹാരരംഗം കൂടിയാണ് ഇവിടം. തുറന്ന് കിടക്കുന്ന കുപ്പികളിലും ചിരട്ടകളിലും പൊട്ടിയ പാത്രങ്ങളിലുമെല്ലാം വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. മഴ പെയ്യുമ്പോൾ മാലിന്യം ഒലിച്ചിറങ്ങി തൊട്ടടുത്തുള്ള ഹോട്ടലിനും പ്രദേശവാസികൾക്കും ഭീഷണിയായി മാറുകയും ചെയ്യുന്നുണ്ട്. കൊതുക് നിവാരണത്തിനെതിരെയും പകർച്ചവ്യാധികൾക്കെതിരെയും നഗരസഭയും താലുക്കാശുപത്രിയും ചേർന്ന് ഒരു വശത്ത് ബോധവത്കരണം ശക്തമാക്കുമ്പോഴാണ് മറുവശത്ത് ഇത്തരത്തിലുള്ള വിരോധാഭാസം നടക്കുന്നത്. സഗരസഭ ആരോഗ്യ വിഭാഗം കുത്തഴിഞ്ഞ് നാഥനില്ലാത്ത അവസ്ഥയിലേക്ക് പോകുന്നതിന്റെ നേർ ചിത്രമാണിത്.
കഴിഞ്ഞ പല കൗൺസിൽ യോഗങ്ങളിലും ഈ വിഷയം ഉന്നയിച്ചിട്ടും അധികാരികൾ കേട്ട മട്ടില്ല. അടിയന്തിരമായി പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കും
ടി.വൈ. ഏല്യാസ്
(പ്രതിപക്ഷനേതാവ്)
പി.എൻ. ജോഷി
(പാർലമെന്ററി പാർട്ടി സെക്രട്ടറി
എൽ.ഡി.എഫ്)
അങ്കമാലി നഗരസഭ