ulsa
വൃശ്ചികോത്സവം

• കൊടി​യേറ്റ് നവംബർ 29ന്

കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ പ്രസിദ്ധമായ ചെണ്ടമേളം ഇക്കുറി തൃശൂർ പൂരം മാതൃകയിൽ നടത്താൻ കൊച്ചിൻ ദേവസ്വംബോർഡ് തീരുമാനിച്ചു. എട്ടുദിവസവും വ്യത്യസ്ത പ്രമാണിമാർ മേളം നയിക്കും. ഇവരെ നിശ്ചയിക്കുകയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. 130 ഓളം സീനിയറായ മേളക്കാരെയും ബോർഡ് നേരിട്ട് ക്ഷണിക്കും. ആർക്കും സ്വമേധയാ മുന്നോട്ടുവരികയും ചെയ്യാം. പ്രതിഫലം ബോർഡ് നേരിട്ട് നൽകും.

പുതിയ നീക്കം അട്ടിമറിക്കാൻ സമ്മർദ്ദതന്ത്രങ്ങളും ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ഉത്സവത്തിന് മൂന്ന് പ്രമാണിമാരെ വേറെ നിശ്ചയിച്ചിരുന്നെങ്കിലും തത്പര കക്ഷികളുടെ സമ്മർദ്ദത്തെത്തുടർന്ന് ബുക്കുചെയ്ത മൂന്നു പ്രമുഖരെ ഒഴിവാക്കേണ്ടിവന്നു. ഇവരുടെ വീടുകളിൽ ബോർഡ് ജീവനക്കാർ നേരിട്ടുചെന്ന് മാപ്പുപറഞ്ഞാണ് പ്രശ്നംപരിഹരിച്ചത്.

തൃശൂർ പൂരം പോലെ തന്നെ മേളപ്രാധാന്യമുള്ള ഉത്സവമാണ് വൃശ്ചികോത്സവം. പൂരത്തിന് സമാനമായ രീതിയിൽത്തന്നെ വൃശ്ചികോത്സവ നടത്തിപ്പിന് ഇക്കുറി തുടക്കമിടാനാണ് ബോർഡ് നീക്കം. ദിവസം മൂന്ന് മേളമാണ് അരങ്ങേറുക.

പൂർണത്രയീശ ക്ഷേത്ര ഉപദേശകസമിതിയുടെ കാലാവധി കഴിഞ്ഞതിനാലാണ് ഉത്സവം നേരിട്ടുനടത്താൻ ദേവസ്വംബോർഡ് തീരുമാനിച്ചത്. പ്രമുഖനായ ഒരാൾക്ക് എട്ട് ദിവസത്തേയും മേളം കരാർ നൽകലായിരുന്നു മുമ്പ് പതിവ്. 16-18 ലക്ഷം രൂപയാകും കരാർതുക. അമ്പലവാസികളല്ലാത്ത മേളക്കാരെ വൃശ്ചികോത്സവത്തിൽനിന്ന് ആസൂത്രിതമായി ഒഴിവാക്കുന്നതായും പരാതികൾ ഉയർന്നതാണ്.

വൃശ്ചികോത്സവത്തിന്റെ

മേള പ്രമാണിമാർ

• തിരുവല്ല രാധാകൃഷ്ണൻ

• ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ

• പെരുവനം കുട്ടൻമാരാർ

• പെരുവനം സതീശൻ

• പെരുവനം പ്രകാശൻ

• പഴുവിൽ രഘുമാരാർ

• ചെറുശേരി കുട്ടൻമാരാർ

• കിഴക്കൂട്ട് അനിയൻ മാരാർ