വൈപ്പിൻ: റേഷൻകടകളിൽ അരി സ്റ്റോക്ക് ഉണ്ടായിട്ടും കാർഡുടമകൾക്ക് വിതരണം ചെയ്യാനാകാതെ വ്യാപാരികൾ. ഇത് വരെ സ്റ്റോക്ക് അനുസരിച്ചും കാർഡുടമകളുടെ താല്പര്യം അനുസരിച്ചും പച്ച, പുഴുക്കൽ അരികൾ ഇനം മാറി വിതരണം ചെയ്യാമായിരുന്നു. കോംപോ സിസ്റ്റം എന്നറിയിപ്പെടുന്ന ഈ രീതി ആഗസ്റ്റ് മാസം മുതൽ സിവിൽ സപ്ലൈസ് അധികൃതർ നിർത്തലാക്കിയാണ് പണിയായത്. വകുപ്പ് നിർദ്ദേശിക്കുന്ന ഇനങ്ങളിൽ, നിർദ്ദേശിക്കപ്പെട്ട അളവിൽ മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ എന്നാണ് നിർദ്ദേശം. വിതരണം ചെയ്യാൻ വേണ്ടത്ര പുഴുക്കലരി കടകളിൽ സ്റ്റോക്ക് ഉണ്ടെങ്കിലും പച്ചരിക്ക് പകരം പുഴുക്കൽ നല്കാൻ വകുപ്പിന്റെ നിലപാടനുസരിച്ച് കഴിയില്ല. മറിച്ചും അതു തന്നെയാണ് അവസ്ഥ. കടകളിൽ അട്ടിയിട്ടിരിക്കുന്ന അരിചാക്കുകൾ ചൂണ്ടിക്കാട്ടി കാർഡുടമകൾ റേഷൻ വ്യാപാരികളുമായി കലഹിക്കുന്ന അവസ്ഥയാണിപ്പോൾ. ഇന്നലെ മാസം അവസാനിച്ചെങ്കിലും ബി.പി.എൽകാർക്ക് പലർക്കും അരി നല്കാൻ കഴിഞ്ഞിട്ടില്ല. റേഷൻ സംവിധാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. റേഷൻ സബ്ഡിപ്പോകളിൽ നിന്ന് കടകളിലേക്ക് അരി എത്തിക്കുന്നതിന് കരാർ എടുത്തിട്ടുള്ളവർ കഴിഞ്ഞ മാസം സമരത്തിലായിരുന്നു. സമരം ഒത്ത് തീർപ്പിലായെങ്കിലും കരാറുകാർ വേണ്ടത്ര വാഹനം ഉപയോഗിക്കാതെ രണ്ടോ മൂന്നോ വാഹനങ്ങൾ മാത്രം ഓടിച്ചാണ് ചരക്ക് നീക്കം നടത്തുന്നത്. അരി എത്തിക്കുന്നതിൽ പലയിടത്തും വന്ന വീഴ്ചകളും വിതരണത്തെ ബാധിച്ചിട്ടുണ്ട്.
എ.പി.എൽ കാർഡ് (ഒരു കാർഡിന്)
4 കിലോ പുഴുക്കലരി
1 കിലോ പച്ചരി,
ബി.പി. എൽ കാർഡ് ( ഒരാൾക്ക്)
3 കിലോ പുഴുക്കൽ
1 കിലോ പച്ചരി
നിലവിലുണ്ടായിരുന്ന കോംപോ സിസ്റ്റം അവസാനിപ്പിച്ചതും സിവിൽ സപ്ലൈസ് നിർദ്ദേശിക്കുന്ന വിവിധതരം അരികൾ ഇനം തിരിച്ച് വേണ്ടത്ര അളവിൽ എത്തിക്കാത്തതും റേഷൻ വിതരണത്തെ ബാധിച്ചു. ഒരു മാസത്തെ മൊത്തം അരിയുടെ 25 ശതമാനം മുൻപ് മുൻകൂറായി നൽകിയിരുന്നത് ആഗസ്റ്റ് മാസത്തിൽ ലഭിച്ചില്ല. ജില്ലാ സപ്ലൈ ഓഫീസറുമായി പ്രശ്‌നം ചർച്ച ചെയ്‌തെങ്കിലും പരിഹാരം ഉണ്ടായില്ല.
കെ.കെ.ഇസഹാക്ക്
സംസ്ഥാന സെക്രട്ടറി
ഓൾ കേരള റേഷൻ ഡീലേഴ്‌സ്
അസോസിയേഷൻ