ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ അലൈവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ നക്ഷത്രത്തിളക്കം.
ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, സിനിമാ താരങ്ങളായ മാത്യു തോമസ് (ലിയോ ഫിലിം ഫെയിം), പേളി മാണി എന്നിവരുടെ സാന്നിദ്ധ്യം വിദ്യാർത്ഥി പ്രതിഭകൾക്ക് ആവേശമായി. ആലുവ മുനിസിപ്പൽ ടൗൺ ഹാളിലെ നിറഞ്ഞു കവിഞ്ഞ സദസിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ വിജയിക്കുന്നവർക്കൊപ്പം കായിക മത്സരങ്ങളിലും വിജയികളാകുന്നവരെ അനുമോദിക്കാൻ സമൂഹം തയ്യാറാകണമെന്ന് പി.ആർ. ശ്രീജേഷ് പറഞ്ഞു.
അടുത്ത വർഷം മുതൽ ആലുവ മണ്ഡലത്തിൽ കായിക പ്രതിഭകളെയും ആദരിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത പ്രസംഗത്തിൽ ഉറപ്പ് നൽകി. മെറിറ്റ് അവാർഡ് വിതരണം സിനിമാതാരങ്ങളായ മാത്യു തോമസ്, പേളി മാണി എന്നിവർ നിർവഹിച്ചു. ബെന്നി ബെഹനാൻ എം.പി, ജെബി മേത്തർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ, ബി.പി.ഒ ആർ.എസ്. സോണിയ, എച്ച്.എം ഫോറം സെക്രട്ടറി ഒ.ബി. ലീന എന്നിവർ സംസാരിച്ചു.