
പറവൂർ: ഒറ്റയ്‌ക്ക് താമസിക്കുന്ന രണ്ട് വൃദ്ധകളുടെ മാലപൊട്ടിച്ച കേസിൽ കൊടുങ്ങല്ലൂർ കോതപറമ്പ് ജമീല ക്വാർട്ടേഴ്സിൽ താമസിക്കുന്ന മലപ്പുറം ഏറാംതോട് വലമ്പൂർ ചേറാട്ടുപള്ളത്ത് വീട്ടിൽ അജിത്തി (31)നെ വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തു. പെട്ടി ഓട്ടോറിക്ഷയിൽ ആക്രി പെറുക്കാനും പഴങ്ങൾ വിൽക്കാനുമെന്ന വ്യാജേനയാണ് ഇയാൾ ഉൾപ്രദേശത്തെ വീടുകളിലെത്തുന്നത്. ഒറ്രയ്‌ക്ക് താമസിക്കുന്ന വൃദ്ധരുടെ വീടുകൾ മനസിലാക്കും. പിന്നീട് ആരുമില്ലാത്ത സമയത്തെത്തി ആക്രമിച്ച് മാലപൊട്ടിച്ച് കടക്കുന്നതാണ് രീതി.
ജൂലായ് 12ന് കരിപ്പായിക്കടവിലെ 82കാരിയുടെയും ആഗസ്റ്ര് 21ന് മുണ്ടുരുത്തിയിലെ 76 കാരിയുടെയും മാല പൊട്ടിച്ചു. പൊട്ടി ഓട്ടോറിക്ഷയുടെ ഇരുവശങ്ങളിലെയും നമ്പർ ചുരണ്ടിമാറ്റിയിരുന്നു. ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൊടുങ്ങല്ലൂരിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
കവർച്ച ചെയ്ത ആഭരണങ്ങൾ പെരിന്തൽമണ്ണയിലെ ജുവലറിയിൽ വിറ്റു. സ്വർണവും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമാനമായ വേറെയും കവർച്ച നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് വടക്കേക്കര ഇൻസ്പെക്ടർ കെ.ആർ. ബിജു പറഞ്ഞു.