നെടുമ്പാശേരി: പെരിയാറും ചാലക്കുടിയാറും അതിർത്തിപങ്കിടുന്ന കുന്നുകരയിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു. മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിലും ജലജീവൻ പദ്ധതിക്കായി കുഴിയെടുത്തതിനെ തുടർന്ന് തകർന്ന ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിനുമെതിരെ പ്രതിഷേധം ശക്തമായി.
കുന്നുകര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 2017ൽ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ആയിരിക്കുമ്പോൾ 36 കോടി രൂപ അനുവദിച്ചിരുന്നു. മലായിക്കുന്നിൽ നിലവിലുള്ള വാട്ടർ ടാങ്കിന് സമീപം മറ്റൊരു ടാങ്ക് കൂടി സ്ഥാപിച്ച് അടുവാശേരി കായിക്കുടം കടവിൽ പമ്പ് സെറ്റ് സ്ഥാപിച്ച് പെരിയാറിൽ നിന്ന് ഇവിടേയ്ക്ക് വെള്ളം പമ്പ് ചെയ്യാനായിരുന്നു പദ്ധതി. ഇതിന് വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായെങ്കിലും ഇപ്പോൾ പദ്ധതി ഇഴയുന്നുവെന്നാണ് ആക്ഷേപം. നിർദ്ദിഷ്ട പദ്ധതി ജലജീവൻ പദ്ധതിയുമായി കൂട്ടിച്ചേർത്തതോടെ അവതാളത്തിലായെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
ജലജീവൻ പദ്ധതിയുടെ പേരിൽ തകർന്ന ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ പി.ഡബ്ല്യു.ഡിയും വാട്ടർ അതോറിട്ടിയും യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും പരാതിയുണ്ട്.
കോൺഗ്രസിന്റെ 'വാട്ടർ ടാങ്ക്' സമരം
കുന്നുകരയിലെ കുടിവെള്ള പദ്ധതി ഇഴയുന്നതിലും ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്ത റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിനെതിരെയും കോൺഗ്രസ് സംഘടിപ്പിച്ച 'വാട്ടർ ടാങ്ക്' സമരം ശ്രദ്ധേയമായി.
കുന്നുകരയിലെ കുടിവെള്ള പദ്ധതിക്ക് വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനായി ഏറ്റെടുത്തിരിക്കുന്ന മാലായിക്കുന്നിലാണ് പ്രതീകാത്മകമായി പ്ലാസ്റ്റിക് വാട്ടർ ടാങ്കുകൾ സ്ഥാപിച്ച് സമരം നടത്തിയത്. യു.ഡി.എഫ് കൊണ്ടുവന്ന കുടിവെള്ള പദ്ധതി ജലജീവൻ പദ്ധതിയുമായി കൂട്ടിച്ചേർത്തതോടെ ഇരുപദ്ധതികളും അവതാളത്തിലായെന്നാണ് കോൺഗ്രസ് ആരോപണം.
യു.ഡി.എഫ് കളമശേരി നിയോജക മണ്ഡലം ചെയർമാൻ ഫ്രാൻസിസ് തറയിൽ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. അനിൽ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി കെ.വി. പോൾ, ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. നന്ദകുമാർ, വൈസ് പ്രസിഡന്റ് എം.എ സുധീർ, പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ അബ്ദുൾ ജബ്ബാർ, സി.യു ജബ്ബാർ, ഷജിൻ ചിലങ്ങര, പി.പി. സെബാസ്റ്റ്യൻ, സി.എം. മജീദ്, ടി.പി. രാധാകൃഷ്ണൻ, കെ.ടി. കൃഷ്ണൻ, ഷിബി പുതുശേരി, റഷീദ് കൊടിയൻ തുടങ്ങിയവർ സംസാരിച്ചു.