മൂവാറ്റുപുഴ: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ കൂത്താട്ടുകുളം കാരമല തൈപ്പറമ്പിൽ കെ.ആർ. റെമിലിന് (45) 17 വർഷം കഠിനതടവും 60000രൂപ പിഴയും ശിക്ഷ. പിഴസംഖ്യ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകാനും മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷിന്റെ ഉത്തരവായി.
2020 ഡിസംബർ 11മുതൽ മൂന്നുതവണ ഇയാൾ പെൺകുട്ടിയെ ഇരയാക്കി. സംഭവം വീട്ടുകാർ അറിഞ്ഞെങ്കിലും ഇയാൾ കുട്ടിയുടെ ബന്ധുക്കളെ കണ്ട് മാപ്പുപറഞ്ഞ് തലയൂരാൻ ശ്രമിച്ചു. ഇതിനിടെ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് അജ്ഞാതകത്ത് ലഭിച്ചു. തുടർന്ന് 2021 ഫെബ്രുവരിയിൽ സബ് ഇൻസ്പെക്ടർമാരായിരുന്ന ശാന്തി കെ. ബാബു, എസ്. ഷീല എന്നിവർ ചേർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. കുട്ടിയെക്കണ്ട് മൊഴി രേഖപ്പെടുത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മാതാപിതാക്കളും സഹോദരനും വിദേശത്തായിരുന്നതിനാൽ കുട്ടി അമ്മവീട്ടിൽനിന്നാണ് പഠിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന ഹാജരായി.