മൂവാറ്റുപുഴ: കുട്ടികൾ പുതുമസൃഷ്ടിക്കുന്നതിനായി തീവ്രമായി ആഗ്രഹിക്കണമെന്നും ആഗ്രഹം യജ്ഞമായി തീരുമ്പോൾ സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ അത് കാരണമാകുമെന്നും പ്രശസ്ത കഥാകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ് പറഞ്ഞു. നിർമല കോളജിലെ മലയാള സാഹിത്യ സമാജം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദ്വീപിൽ അകപ്പെട്ട് നിരാശനായ മനുഷ്യൻ തോണിയുണ്ടാക്കി മറുകര തേടാൻ തീവ്രമായി ആഗ്രഹിക്കുന്നതുപോലെ കുട്ടികൾ ആഗ്രഹത്തിൽ എത്തിച്ചേരണം. അഭിരുചിക്കനുസരിച്ച് ആഗ്രഹത്തെ തേടണമെന്നും അദ്ദേഹം പറഞ്ഞു. കോളജിലെ ലിറ്ററേച്ചർ ക്ലബ്, കാവ്യരംഗ, തിയേറ്റർ ക്ലബ്, എഴുത്തുകൂട്ടം തുടങ്ങിയ ക്ലബുകളിലെ അംഗങ്ങളുമായി എസ്. ഹരീഷ് സംവാദത്തിലേർപ്പെട്ടു.