മട്ടാഞ്ചേരി: കൊച്ചി നഗരസഭയുടെ ബയോ മൈനിംഗിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം. പ്രൊജക്റ്റ് ഇപ്ലിമെന്റേഷൻ പ്ലാനിൽ കൊച്ചി നഗരസഭയും ഭൂമി ഗ്രീൻ എനർജിയുമായി ഒപ്പിട്ട കരാറിൽ ഒരുദിവസം 3000 ടൺ വേസ്റ്റ് പ്രോസസ്ചെയ്ത് ബയോമൈനിംഗ് നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 54154 ലെജസി വേസ്റ്റ് ബ്രഹ്മപുരത്ത് കാണേണ്ടതുണ്ട്. ബയോ മൈനിംഗ് നടത്തേണ്ട കമ്പനി കൃത്യമായി എഗ്രിമെന്റ് പാലിക്കാതെയാണ് ബയോ മൈനിംഗ് നടത്തുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. റിപ്പോർട്ട് പ്രകാരം 8.5 ലക്ഷം ടൺ ലെജസി വേസ്റ്റ് ബാക്കിനിൽക്കുന്നു. മഴക്കാലത്ത് ബയോമൈനിംഗുമായി ബന്ധപ്പെട്ട് ലെജസി വേസ്റ്റുകൾ നനയാതെ നോക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണ്. ബയോ മൈനിംഗ് വേസ്റ്റുകൾ മുഴുവനും നനഞ്ഞുകിടക്കുന്ന അവസ്ഥയിലാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മൂന്നുമാസം കൂടുമ്പോൾ ആർ.ജെ.എഫിന്റെ കണക്ക് കൊച്ചി നഗരസഭയെ ബോദ്ധ്യപ്പെടുത്തണമെന്ന് പറഞ്ഞിട്ടും ചെയ്തിട്ടില്ല. ഡ്രോൺ മാപ്പിംഗും ചെയ്തിട്ടില്ല. എൻജിനിയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് അഴിമതി നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു.