donald-trumph

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉള്ളിന്റെയുള്ളിൽ നന്ദി പറയുന്ന ഒരാളുണ്ട്- പെൻസിൽവാനിയയിലെ പ്രചാരണത്തിനിടെ തനിക്കു നേരെ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്ക്സ് എന്ന യുവാവിനോട്! കാരണം,​ വെടികൊണ്ടത് ട്രംപിനാണെങ്കിലും വീണത് ജോ ബൈഡനായിരുന്നു! ക്രൂക്ക്സിനെ അമേരിക്കൻ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തിയെങ്കിലും ആ സംഭവം ട്രംപിനെ സംബന്ധിച്ചിടത്തോളം 'ട്രംപ് കാർഡ്"എന്നു പറയുന്നതു പോലെ തുറുപ്പുചീട്ടായി മാറി. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രചാരാണായുധം അതിലൂടെ ട്രംപ് നേടി.

ചെവിയിൽ വെടിയേറ്റ ട്രംപ് രക്തമൊലിപ്പിച്ചു നിന്ന് 'പോരാടുക, പോരാടുക" എന്ന് മുഷ്ടിചുരുട്ടി ഉറക്കെ വിളിച്ചുപറഞ്ഞത് അമേരിക്കക്കാരുടെ ഹൃദയത്തിലാണ് പതിച്ചത്. പിന്നീടാണ് മത്സരത്തിൽ നിന്ന് പിന്മാറിയതെങ്കിലും ആ സംഭവത്തോടെ ബൈഡൻ 'കഥാവശേഷ"നായി എന്നു പറയാം. മിൽവാക്കിയിലെ റിപ്പബ്ളിക്കൻ കൺവെൻഷനിൽ ചെവിയിൽ പ്ളാസ്റ്റർ ഒട്ടിച്ചുവന്ന ട്രംപിന് ആവേശഭരിതമായ സ്വീകരണമാണ് ലഭിച്ചത്. ഈ സംഭവത്തിൽ സീക്രട്ട് സർവീസ് ഡയറക്ടർ കിമ്പർലി ചീറ്റിൽ രാജിവയ്ക്കേണ്ടി വന്നത് ട്രംപിന് മതിയായ സുരക്ഷ ലഭിച്ചില്ലെന്ന ജനവികാരത്തിനും ഇടയാക്കി. മത്സരരംഗത്ത് ബൈഡൻ തുടർന്നിരുന്നെങ്കിൽ അത് ട്രംപിന് ഈസി വാക്കോവറായി മാറുമായിരുന്നു.

എന്നാൽ,​ ബൈഡനു പകരം കമലാ ഹാരിസ് രംഗപ്രവേശം ചെയ്തത് വീണ്ടും മത്സരത്തിന് വീറും വാശിയും പകർന്നിട്ടുണ്ട്. അഭിപ്രായ സർവേകൾ കമല ഒപ്പത്തിനൊപ്പമെത്തിയെന്ന് പറയുമ്പോഴും അമേരിക്കയിലെ പൊതുവികാരം ഇപ്പോൾ ട്രംപിനൊപ്പമാണ്. തിരഞ്ഞെടുപ്പിന് രണ്ടുമാസത്തിലധികം ശേഷിക്കുന്നതിനാൽ ചിത്രം എങ്ങനെയൊക്കെ മാറി മറിയുമെന്ന് പ്രവചിക്കുക എളുപ്പമാകില്ല. ഹോളിവുഡ് തിരക്കഥകളെ വെല്ലുന്ന ട്വിസ്റ്റാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അനുകൂല

ഘടകങ്ങൾ

ജങ്ക് ഫുഡിന്റെ- പ്രത്യേകിച്ച് മക് ഡൊണാൾഡ്സിന്റെ ആരാധകനായ ട്രംപിന്റെ ഏറ്റവും വലിയ പ്ളസ് പോയിന്റ് തങ്ങളിൽ ഒരാളാണെന്ന ചിന്ത അമേരിക്കൻ ജനതയിൽ വളർത്താനായി എന്നതാണ്. പ്രത്യേകിച്ച് വെള്ളക്കാരിൽ (വൈറ്റ്സ്). വായിൽത്തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന പ്രകൃതം വിമർശകരേക്കാൾ നാട്ടിൽ ആരാധകരെയാണ് നേടിക്കൊടുത്തത്. രാഷ്ട്രീയക്കാരെപ്പോലെ ആസൂത്രണത്തോടെ സംസാരിക്കുന്നയാളല്ല ട്രംപ് (അതേസമയം,​ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബൈഡനോടു തോറ്റതിന് ഒരു കാരണം കൊവിഡ് കാലത്ത് ട്രംപ് നടത്തിയ കുപ്രസിദ്ധമായ ചില പ്രസ്താവനകളാണെന്നത് മറക്കാനാവില്ല). ഈയൊരു ഘട്ടത്തിൽ അമേരിക്കയെ നയിക്കാൻ ട്രംപിനെപ്പോലെ ഒരു നേതാവിനെയാണ് ആവശ്യമെന്ന് നല്ലൊരു പങ്ക് അമേരിക്കക്കാരും ചിന്തിക്കുന്നുണ്ട്. ഷീ ജിൻ പിംഗിനും പുട്ടിനുമൊപ്പം നിൽക്കാൻട്രംപിനേ കഴിയൂ എന്നാണ് അവരുടെ വിശ്വാസം.

ആയുധ വ്യാപാരികൾക്ക് ആയുധക്കച്ചവടത്തിന് അനുകൂലമായ സഹായങ്ങൾ ചെയ്തു നൽകിയ പ്രസിഡന്റായിരുന്നു ട്രംപ്. എന്നാൽ യുദ്ധക്കൊതിയനായ പ്രസിഡന്റായിരുന്നില്ല. ഭരണ കാലയളവിൽ ഒരു യുദ്ധവും പ്രഖ്യാപിക്കാത്ത ഏക അമേരിക്കൻ പ്രസിഡന്റ് താനാണെന്ന് ട്രംപ് അവകാശപ്പെടാറുണ്ട്. താൻ അധികാരത്തിൽ വന്നാൽ അമേരിക്ക ഇപ്പോൾ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രചാരണത്തിനിടെ അടിവരയിട്ടു പറയുന്നത് യുക്രെയിൻ, ഗാസ പോരാട്ടങ്ങൾ മനസിൽക്കണ്ടാണ്. ട്രംപ് വന്നാൽ യുക്രെയിന് ഇപ്പോൾ ലഭിക്കുന്ന അമേരിക്കൻ പിന്തുണ നഷ്ടമായേക്കും. അമേരിക്കയുടെ ഉറ്റ മിത്രമായതിനാൽ ഇസ്രായേലിനെ പിണക്കില്ല.

ഈയിടെ അമേരിക്കയിലെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ട്രംപിനെ വസതിയിലെത്തിസന്ദർശിച്ചിരുന്നു. അവർ തമ്മിൽ ഇടയ്ക്കുണ്ടായ പിണക്കം മാറ്റാൻ അതു വഴിതെളിച്ചതായാണ് വിലയിരുത്തൽ. എന്നാൽ നാറ്റോ സഖ്യത്തിൽ തത്പരനല്ല ട്രംപ്. അമേരിക്കയുടെ പണം സഖ്യകക്ഷികൾക്കു വേണ്ടി ചെലവഴിക്കാനുള്ളതല്ലെന്നും അവരവർ പണം മുടക്കണമെന്നും ട്രംപ് നേരത്തേ തന്നെ തുറന്നടിച്ചിരുന്നു. ഇന്ത്യൻ സമൂഹത്തിന്- പ്രത്യേകിച്ച്,​ ബിസിനസ് സമൂഹത്തിന് ഏറെ പ്രിയങ്കരനാണ് ട്രംപ്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉറ്റ സൗഹൃദം പുലർത്തുന്ന നേതാവെന്ന പ്രതിച്ഛായ ഇന്ത്യക്കാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപ് തിരഞ്ഞെടുത്ത ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി ഇന്ത്യൻ വംശജയാണെന്ന പ്രത്യേകതയുമുണ്ട്.

അമേരിക്കയിലെ തോക്ക് സംസ്ക്കാരത്തെ അനുകൂലിക്കുന്ന നിലപാടാണ് ട്രംപിന്റേത്. ക്രൈസ്തവ സമൂഹത്തിന്റെ അചഞ്ചലമായ പിന്തുണയാണ് ട്രംപിന്റെ മറ്റൊരു അനുകൂല ഘടകം. ഗർഭഛിദ്രം നിരോധിക്കുമെന്ന ട്രംപിന്റെ വാദത്തിന് ക്രൈസ്തവ സമൂഹത്തിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ട്രംപിന് ഇപ്പോൾ ലഭിക്കുന്ന മേൽക്കൈയും അനുകൂല ഘടകമാണ്.

പ്രതികൂല

ഘടകങ്ങൾ

അമേരിക്കയെ നയിക്കാൻ അനുയോജ്യൻ എന്ന് വലിയൊരു വിഭാഗം ചിന്തിക്കുന്നതു പോലെ ട്രംപ് യോഗ്യനല്ലെന്നു കരുതുന്നവരുമുണ്ട്. അമേരിക്കയെ നയിക്കാൻ ട്രംപും ബൈഡനുമല്ലാതെ മറ്റാരുമില്ലേ എന്നു ചോദിക്കുന്ന 'ഡബിൾ ഹേറ്റേഴ്സ്" വിഭാഗം വോട്ടിംഗിൽ തത്പരരായിരുന്നില്ല. എന്നാൽ ബൈഡന്റെ പിന്മാറ്റം അവരെ കമലയിലേക്ക് ആകർഷിക്കാൻ സാദ്ധ്യത കല്പിക്കപ്പെടുന്നുണ്ട്. മറ്റൊന്ന് ട്രംപ് അമേരിക്കൻ പ്രസിഡന്റാകാതിരിക്കാൻ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആഗ്രഹിക്കുന്നു എന്നതാണ്. ആണവ കരാറിൽ നിന്ന് പിന്തിരിഞ്ഞതും ഉപരോധം ഏർപ്പെടുത്തിയതും ഇറാനിയൻ മിലിട്ടറി കമാൻഡർ കാസിം സുലൈമാനിയെ വധിച്ചതും ട്രംപിനോട് പ്രതികാരം ചെയ്യാൻ ഇറാനെ പ്രേരിപ്പിക്കുന്നുണ്ട്.

വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ.ഡി. വാൻസിനെ തിരഞ്ഞെടുത്തതും വിമർശനത്തിന് വഴിതെളിച്ചു. മുമ്പ് ട്രംപിനെ എതിർത്തിരുന്ന വാൻസിനെ എന്തുകൊണ്ട് സ്ഥാനാർത്ഥിയായി പരിഗണിച്ചുവെന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. വാൻസിന്റെ പ്രസ്താവനകൾ പലതും വിവാദമായതും വിനയായി. ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ടിം വാൾസ് ഡിബേറ്റിന് വാൻസിനെ വെല്ലുവിളിച്ചിട്ടുണ്ട്. കമലാ ഹാരിസിന് ചെറിയ തോതിലാണെങ്കിലും ജനപ്രീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ അവരുമായി ഡിബേറ്റിന് ട്രംപ് തയ്യാറായില്ലെങ്കിൽ അത് തിരിച്ചടിയാകും. ഡിബേറ്റിന് ട്രമ്പ് ഉപാധികൾ വച്ചിട്ടുണ്ട്.

കറുത്ത വർഗക്കാരുടെ പിന്തുണ കമലയ്ക്ക് പൂർണമായി ലഭിച്ചേക്കുമെന്നതും എതിർഘടകങ്ങളിൽ ഒന്നാണ്.

വൈറ്റ് ഹൗസിനുള്ളിലെ ഇടനാഴികളിൽ മുൻ പ്രസിഡന്റുമാരുടെ വിവിധ ചിത്രങ്ങൾ കാണാം. എബ്രഹാം ലിങ്കന്റെ പ്രതിമയുമുണ്ട്. അവിടെ ആകെ പരതിയിട്ടും ട്രംപിന്റെ ഒരേയൊരു ചിത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ബൈഡന് ട്രംപിനോടുള്ള എതിർപ്പാണ് കാരണമായി പറയുന്നത്. ഭരണം മാറിയാൽ ചിത്രം മാറും.

(നാളെ: മാറ്റങ്ങൾ അതിവേഗം)