modi

ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ

വികസിത ഭാരതം- 2047 എന്നത് പ്രസംഗിക്കാനുള്ള ഒരു വാചകം മാത്രമല്ല. അതിനു പിന്നിൽ കഠിനാദ്ധ്വാനമുണ്ട്. രാജ്യത്തുടനീളമുള്ള നിരവധി ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു, 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാൻ കോടിക്കണക്കിന് പൗരന്മാർ എണ്ണമറ്റ നിർദ്ദേശങ്ങൾ നൽകിയതിൽ എനിക്കു സന്തോഷമുണ്ട്. ഓരോ പൗരന്റെയും സ്വപ്നമാണ് ഇതിൽ പ്രതിഫലിക്കുന്നത്. ഓരോ പൗരന്റെയും ദൃഢനിശ്ചയം പ്രകടമാണ്.

യുവാക്കൾ, വയോജനങ്ങൾ, ഗ്രാമവാസികൾ, കർഷകർ, ദളിതർ, ആദിവാസികൾ, മലകളിലും വനങ്ങളിലും നഗരങ്ങളിലും താമസിക്കുന്നവർ തുടങ്ങി ആരായാലും, രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047- ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി വിലപ്പെട്ട നിർദ്ദേശങ്ങൾ നല്‍കി. ഭാരതത്തെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമാക്കാൻ ചിലര്‍ നിർദ്ദേശിച്ചു. വികസിത ഭാരതത്തിനായി രാജ്യത്തെ ഒരു ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാൻ ചിലർ നിർദ്ദേശിച്ചു. നമ്മുടെ സർവകലാശാലകൾ ആഗോള പദവി കൈവരിക്കണമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. നമ്മുടെ നൈപുണ്യമുള്ള യുവാക്കൾ ലോകത്തിന്റെ ആദ്യ പരിഗണനയാകണം എന്ന ആഗ്രഹം ചിലർ പ്രകടിപ്പിച്ചു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാരതം എത്രയും വേഗം സ്വാശ്രയമാകണമെന്നായിരുന്നു ചിലരുടെ നിർദ്ദേശം. നമ്മുടെ കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ ധാന്യങ്ങൾ, 'ശ്രീ അന്ന" എന്നു നാം വിളിക്കുന്ന ഈ സൂപ്പർ ഫുഡുകൾ ലോകമെമ്പാടുമുള്ള എല്ലാ തീൻമേശകളിലും എത്തണമെന്ന് പലരും വാദിച്ചു. നാം ലോകത്തിന്റെ പോഷകാഹാരം ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ ചെറുകിട കർഷകരെ പിന്തുണയ്ക്കുകയും വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ ഭരണപരിഷ്‌കാരങ്ങളുടെ ആവശ്യകത ധാരാളം പേർ ഉയർത്തിക്കാട്ടി. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം മാറുന്നതിൽ കാലതാമസം വരുത്തരുതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

സുഹൃത്തുക്കളേ, ഞാൻ ഈ നിർദ്ദേശങ്ങൾ പങ്കുവയ്ക്കുന്നത് അവ എന്റെ സഹപൗരന്മാർ നല്‍കിയതിനാലാണ്. ഇത് എന്റെ രാജ്യത്തെ സാധാരണ പൗരന്മാരിൽ നിന്നുള്ള നിർദ്ദേശങ്ങളാണ്. ഈ രാജ്യത്തെ ജനങ്ങൾക്ക് അത്തരം വലിയ ചിന്തകളും മഹത്തായ സ്വപ്നങ്ങളും ഉണ്ടായിരിക്കുമ്പോൾ, അവരുടെ ദൃഢനിശ്ചയം ഈ വാക്കുകളിൽ പ്രതിഫലിക്കുമ്പോൾ, അത് നമ്മുടെയുള്ളിൽ ഒരു പുതിയ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. ജനങ്ങളുടെ ഈ വിശ്വാസം ഒരു ബൗദ്ധിക സംവാദമല്ല; അത് അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഭാരതത്തിലെ 18,000 ഗ്രാമങ്ങൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ വൈദ്യുതി എത്തിക്കുമെന്നും വാഗ്ദാനം നിറവേറ്റുമെന്നും ചുവപ്പു കോട്ടയിൽ നിന്ന് കേൾക്കുമ്പോൾ സാധാരണക്കാരുടെ ആത്മവിശ്വാസം ദൃഢമാകുന്നു.

സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും 2.5 കോടി കുടുംബങ്ങൾ വൈദ്യുതിയില്ലാതെ ഇരുട്ടിൽ കഴിയുന്നതിനിടെ ഇത്രയും വീടുകൾക്ക് വൈദ്യുതി ലഭിക്കുമ്പോൾ സാധാരണക്കാരന്റെ ആത്മവിശ്വാസം വർദ്ധിക്കുന്നു. ചുവപ്പു കോട്ടയിൽ നിന്ന് ഞാൻ ഇതു പറയുമ്പോൾ, ഇന്ന് മൂന്നു കോടി കുടുംബങ്ങൾക്ക് അവരുടെ ടാപ്പുകളിൽ നിന്ന് ശുദ്ധമായ കുടിവെള്ളം കിട്ടുന്നുണ്ട്. നമ്മുടെ എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ജല ജീവൻ മിഷനിലൂടെ 12 കോടി കുടുംബങ്ങൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ടാപ്പുകളിലൂടെ ശുദ്ധമായ കുടിവെള്ളം കിട്ടുന്നു. 15 കോടി കുടുംബങ്ങൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

നമ്മുടെ ജനങ്ങളിൽ ആർക്കാണ് ഈ സൗകര്യങ്ങൾ നഷ്ടപ്പെട്ടത്? ആരാണ് പിന്നിലാക്കിയത്? സമൂഹത്തിലെ മുന്നാക്ക വിഭാഗങ്ങൾക്ക് അത്തരം സൗകര്യങ്ങളുടെ അഭാവം നേരിടേണ്ടിവന്നിട്ടില്ല. ദളിതർ, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, ചൂഷിത വിഭാഗങ്ങൾ, ആദിവാസി സഹോദരങ്ങൾ, ചേരികളിൽ കഴിയുന്നവർ... ഇവർക്കൊക്കെയാണ് അത്തരം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത്. അത്തരം നിരവധി അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ നാം പരിശ്രമിച്ചു, അതിന്റെ ഫലങ്ങളുടെ പ്രയോജനങ്ങൾ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ലഭിച്ചു.

പരിഷ്‌കാരങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത ഏതാനും ദിവസത്തെ കരഘോഷത്തിനല്ല. നമ്മുടെ പരിഷ്‌കരണ പ്രക്രിയകൾ നിർബന്ധിതമല്ല, മറിച്ച്, രാഷ്ട്രത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്.

രാഷ്ട്രീയ സമ്മർദം കാരണമല്ല നാം ഇതു ചെയ്തത്. എന്തു ചെയ്താലും രാഷ്ട്രീയ ലാഭനഷ്ടങ്ങൾ കണക്കാക്കി ചിന്തിക്കാറില്ല. നമ്മുടെ ഒരേയൊരു ദൃഢനിശ്ചയം, 'രാജ്യം ആദ്യം, രാഷ്ട്രം ആദ്യം" എന്നതാണ്. രാജ്യത്തിന്റെ താത്പര്യം പരമോന്നതമാണ്. എന്റെ ഇന്ത്യ മഹത്തരമാകണമെന്ന ദൃഢനിശ്ചയത്തോടെയാണ് നാം ചുവടുകൾ വയ്ക്കുന്നത്.

രാജ്യത്ത് പുതിയ സംവിധാനങ്ങൾ നിലവിൽ വരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി നിരവധി സാമ്പത്തിക നയങ്ങൾ തുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, ഈ പുതിയ സംവിധാനങ്ങളിൽ രാജ്യത്തിന്റെ വിശ്വാസം ക്രമാനുഗതമായി വളരുകയാണ്. ഇന്ന് 20-25 വയസുള്ളവർ തങ്ങളുടെ കൺമുന്നിൽ ഈ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വെറും പത്തു വർഷത്തിനുള്ളിൽ അവരുടെ സ്വപ്നങ്ങൾക്ക് രൂപം നൽകുകയും, മൂർച്ച കൂട്ടുകയും, ആത്മവിശ്വാസത്തിന്റെ പുതിയ ബോധം ജ്വലിക്കുകയും ചെയ്തു, അതിപ്പോൾ രാജ്യത്തിന്റെ മഹാശക്തിയായി ഉയർന്നുവരുന്നു. ഇന്ന്, ഭാരതത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ വർദ്ധിച്ചിരിക്കുന്നു.

ഭാരതത്തെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറി. നമ്മുടെ യുവാക്കൾക്കായി ലോകമെമ്പാടും ഇപ്പോൾ അവസരങ്ങളുടെ വാതിലുകൾ തുറന്നിരിക്കുന്നു. സ്വാതന്ത്ര്യലബ്ദ്ധിക്കു ശേഷം ഇത്രയും വർഷങ്ങളായി നമുക്ക് കൈമോശം വന്ന എണ്ണമറ്റ പുതിയ തൊഴിലവസരങ്ങൾ ഇപ്പോൾ അവരുടെ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. സാദ്ധ്യതകൾ വികസിച്ചു, പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. എന്റെ രാജ്യത്തെ യുവാക്കൾ ഇനി പതുക്കെ നീങ്ങാൻ ആഗ്രഹിക്കുന്നില്ല. പതിയെപ്പതിയെ കൈവരുന്ന പുരോഗതിയിൽ അവ‌‌ർ വിശ്വസിക്കുന്നില്ല. പകരം, കുതിച്ചുചാട്ടം നടത്താനും ധീരമായ മുന്നേറ്റങ്ങളിലൂടെ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കാനുമുള്ള മാനസികാവസ്ഥയിലാണ് അവർ. ഇത് ഭാരതത്തിന്റെ സുവർണ കാലഘട്ടമാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ അവസരം നഷ്ടപ്പെടാൻ നാം അനുവദിക്കരുത്. ഈ നിമിഷം മുതലെടുത്ത് നമ്മുടെ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളുമായി മുന്നോട്ടു പോയാൽ, 'സ്വർണിം ഭാരതം" (സുവർണ ഇന്ത്യ) എന്ന രാജ്യത്തിന്റെ അഭിലാഷങ്ങൾ പൂര്‍ത്തീകരിക്കുകയും 2047-ഓടെ വികസിത ഭാരതം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുകയും ചെയ്യും. നൂറ്റാണ്ടുകളുടെ ചങ്ങലകളിൽ നിന്ന് നാം മോചിതരായിക്കഴിഞ്ഞു.

ബോക്സ്

സ്ത്രീകളോടുള്ള അതിക്രമം

അവസാനിപ്പിക്കണം

എനിക്ക് വളരെയധികം ആഘാതമുണ്ടാക്കുന്ന ചില സമ്മർദ്ദകരമായ ആശങ്കകളുണ്ട്, അതിനാൽ, ചുവപ്പുകോട്ടയുടെ ഈ കൊത്തളത്തിൽ നിന്ന് ഒരിക്കൽക്കൂടി അവയെ ഉയർത്തിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ അമ്മമാരോടും സഹോദരിമാരോടും പെൺമക്കളോടും കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഒരു സമൂഹമെന്ന നിലയിൽ നാം ഗൗരവമായി ചിന്തിക്കണം. രോഷം രാജ്യത്തും പൗരന്മാർക്കിടയിലും ദൃശ്യമാണ്. ഈ രോഷം എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. രാജ്യവും സംസ്ഥാനങ്ങളും സമൂഹവും ഈ ദുഷ്പ്രവണതയെ ഗൗരവമായി കാണേണ്ടതുണ്ട്.

സർക്കാരിലും ജുഡിഷ്യറിയിലും സിവിൽ സമൂഹത്തിലും വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ഇത്തരം പൈശാചിക പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കണം. ബലാത്സംഗത്തിന് ഇരയാകുന്ന നമ്മുടെ അമ്മമാരെയും പെൺമക്കളെയും കുറിച്ച് എല്ലാ മാദ്ധ്യമങ്ങളിലും ഉയർത്തിക്കാട്ടുകയും സമൂഹത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു, പക്ഷെ ബലാത്സംഗം ചെയ്യുന്നവർ വാർത്തയാകുന്നില്ല. ഇത്തരം പാപകൃത്യങ്ങൾ ചെയ്യുന്നവർ വധശിക്ഷ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങളെ ഭയക്കുന്ന തരത്തിൽ,​ അത്തരം കുറ്റവാളികളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത്തരമൊരു ഭയം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എനിക്കു തോന്നുന്നു.