ആലപ്പുഴ : അച്ചടി തോറ്റുപോകുന്ന കൈയക്ഷരത്തിൽ ക്ഷണക്കത്തുകളൊരുക്കി ശ്രദ്ധേയനാവുകയാണ് കായംകുളം സ്വദേശി അരുൺ പുഷ്‌പാംഗദൻ. തന്റെ കൈയെഴുത്തുകൾക്ക് ഇൻസ്റ്റഗ്രാമിൽ ലഭിച്ച പിന്തുണ കണ്ടാണ്, സിവിൽ എൻജിനീയറിംഗ് പഠനത്തിന് ശേഷം ഖത്തറിൽ ജോലി ചെയ്തിരുന്ന അരുൺ തൊഴിൽ ഉപേക്ഷിച്ച് നാട്ടിലെത്തി ആശംസാകാർഡെഴുത്തും ഇത് വീഡിയോയാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തും തുടങ്ങിയത്. ഇൻസ്‌റ്റഗ്രാമിൽ ഇപ്പോൾ 2.75 ലക്ഷം ഫോളോവേഴ്‌സുണ്ട്. രണ്ട് വർഷത്തിനിടെ ആയിരത്തിലധികം പേർക്കാണ് ആശംസാകാർഡ് എഴുതി നൽകിയത്. ഒരെണ്ണത്തിന് ആയിരം രൂപ കിട്ടും
ജന്മദിനം, വിവാഹം, പാലുകാച്ചൽ, പ്രണയസന്ദേശം തുടങ്ങി വിവിധ തരത്തിലുള്ള ആശംസകൾ കൈപ്പടയിൽ വേണമെന്ന ആവശ്യവുമായി ധാരാളം പേർ അരുണിനെ വിളിക്കുന്നുണ്ട്. ആശംസകൾ പേപ്പറിൽ എഴുതുന്നത് ട്രൈപോഡിൽ സ്ഥാപിച്ചിട്ടുള്ള ഫോൺ വഴി ഷൂട്ട് ചെയ്യും. പിന്നീട് പശ്ചാത്തല സംഗീതം നൽകി ചെറിയ വീഡിയോകളാക്കി മാറ്റും. ഒരു വർക്ക് പൂർത്തിയാകുന്നതിന് മൂന്ന് മുതൽ നാല് മണിക്കൂർ വരെ വേണ്ടിവരും. ദിവസം പരമാവധി മൂന്ന് കാർഡുകൾ തയ്യാറാക്കാം. പെൻസിൽ ഡ്രോയിംഗ്, ഡിജിറ്റൽ ഫോട്ടോ മെർജിംഗ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയും അരുൺ ചെയ്യുന്നുണ്ട്. കൂടാതെ കാലിഗ്രഫിയിൽ കൂടുതൽ ഗവേഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ്
''നിന്റെ കൈയക്ഷരം നല്ലതാടാ അതുകൊണ്ട് നിനക്ക് ഫോർലൈൻ ബുക്കൊന്നും വേണ്ട'', എന്ന ക്ളാസ് ടീച്ചറിന്റെ വാക്കുകളായിരുന്നു അരുൺ പുഷ്‌പാംഗദന് കിട്ടിയ ആദ്യ അനുമോദനം. വീട്ടിൽ അച്ഛനും അമ്മയ‌്ക്കുമെല്ലാം നല്ല കൈയക്ഷരമാണെങ്കിലും അമ്മാവനും ചിത്രകലാ അദ്ധ്യാപകനുമായ സ്വാമിദാസിന്റെ സ്വാധീനമാണ് അരുണിന്റെ കൈയെഴുത്തിൽ അടിത്തറ പാകിയത്. ഖത്തറിൽ ജോലി ചെയ്യുന്ന സമയത്ത് കണ്ട ചില കൈയക്ഷരവീഡിയോകളായിരുന്നു ജീവിതം മാറ്റി ചിന്തിക്കാൻ അരുണിനെ പ്രേരിപ്പിച്ചത്.