കൊച്ചി: സ്വാമി ശാശ്വതികാനന്ദയുടെ സമാധി സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുൻ പബ്ളിക് റിലേഷൻസ് ഡയറക്ടർ തോട്ടം രാജശേഖരന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സ്വാമി ശാശ്വതികാനന്ദ ഫൗണ്ടേഷൻ ചെയർമാൻ എസ്. സുവർണകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വാമി പെരിയാറിൽ അദ്വൈതാശ്രമ കടവിൽ വച്ച് കൊല്ലപ്പെട്ടതാണെന്ന് അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിലെ ലേഖനത്തിൽ രാജശേഖരൻ ആരോപിക്കുന്നുണ്ട്. സ്വാമിയുടെ നാട്ടുകാരനും അദ്ദേഹവുമായി ശത്രുത ഉണ്ടായിരുന്നയാളുമാണ് രാജശേഖരൻ. 22 വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ട്. നീചമായ ഭാഷയിലാണ് സ്വാമിയെ ചിത്രീകരിക്കുന്നത്. രാജശേഖരനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും സുവർണകുമാർ പറഞ്ഞു.