cinema

മകളെ മുന്നിലേക്ക് നീക്കി നിറുത്തി ആ അമ്മ പറഞ്ഞു: ''ഏതു വേഷവും എന്റെ മകൾ അഭിനയിക്കും."" ഹോട്ടൽ മുറിയിലെ ആ രണ്ടു പേർ അവളുടെ ശരീരം കണ്ണുകൾകൊണ്ട് അളന്നെടുക്കുകയായിരുന്നു. ഒരാൾ അവളുടെ പാദം വരെ നീണ്ടു കിടന്ന പാവാട മുട്ടോളമുയർത്തി. 'കൊള്ളാം,​ തരക്കേടില്ല" എന്നൊരു കമന്റ്.

ഒന്ന് അഭിനിയിച്ചു കാണിക്ക് മോളേ... എന്ന് അമ്മ പറഞ്ഞപ്പോൾ ആ പ്രൊഡ്യൂസേഴ്സിന്റെ മറുപടി. ''അതൊക്കെ ‌ഡയറക്ടർ വരുമ്പോൾ മതി, ഞങ്ങൾ പ്രെഡ്യൂസർമാരല്ലേ. പിന്നെ, ചാൻസ് തന്നാൽ നമ്മുക്ക് എന്തു തരും?​""

''ഞങ്ങൾ പാവങ്ങളാ....'' അമ്മയുടെ മറുപടി.

നിർമ്മാതാക്കൾ കുറച്ചു കൂടി വ്യക്തമാക്കി: ''പറയുന്നത് മുഴുവനും കേൾക്കൂ. ഞങ്ങളെക്കൊണ്ട് കഴിയുന്ന സഹായം ഞങ്ങൾ ചെയ്യുന്നു. നിങ്ങളെക്കൊണ്ട് കഴിയുന്നത് നിങ്ങളും ചെയ്യണം. നിങ്ങളുടെ സഹായത്തിനാണെങ്കിൽ മുതൽമുടക്കുമില്ല. പറയുന്നത് മനസിലാകുന്നുണ്ടല്ലോ. മകൾ കരപറ്റുന്നതുവരെ ഒന്നു കണ്ണടച്ചുകളയണം; അത്രതന്നെ. ഇതൊക്കെ ഇവിടത്തെ ചടങ്ങാ, പുതിയ കാര്യമൊന്നുമല്ല.""

കെ.ജി.‌ ജോർജ്ജ് സംവിധാനം ചെയ്ത 'ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്" എന്ന സിനിമയിലെ രംഗമാണിത്. അകാലത്തിൽ പൊലിഞ്ഞുപോയ നടി ശോഭയുടെ ജീവിതവുമായി ബന്ധമുള്ള ഈ സിനിമ പുറത്തിറങ്ങിയത് 1983-ൽ. അന്നും അതിനു മുമ്പും ഇപ്പോഴും ഏതാണ്ടിങ്ങനെയുള്ള ചില സമീപനങ്ങൾ സിനിമയിൽ അഭിനയിക്കാനെത്തുന്ന പെൺകുട്ടികൾക്ക് അഭിമുഖീകരിക്കേണ്ടി വരും.

തലമുറ മാറിയെങ്കിലും ക്യാമറയ്ക്കു പിന്നിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആവശ്യം നേരിട്ടുതന്നെയായിരിക്കില്ല. വാട്സ് ആപ്പ് വഴിയെത്തും. ഒരു കുഴപ്പവുമില്ലെന്ന് പുതുമുഖ നടിമാരെ സീനിയർ നടിമാർ ഉപദേശിക്കുകയും ചെയ്യും. മുമ്പത്തെ അപേക്ഷിച്ച് ഇന്ന് സിനിമയിൽ സ്ത്രീ പുരുഷഭേദമെന്യേ മികച്ച സൗഹൃദ കൂട്ടായ്മ നിലനിൽക്കുന്നുണ്ട്. നടിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ അതിജീവിതയ്ക്കൊപ്പം ഉറച്ചു നിന്നത് സ്ത്രീകൾ മാത്രമായിരുന്നില്ല, നീതിബോധമുള്ള ഒരു വലിയ സംഘം പുരുഷ കലാകാരന്മാരുമുണ്ടായിരുന്നു. അവർക്ക് സഹപ്രവർത്തകരായ നടികളെ സമാന നിലയിലുളള വ്യക്തികളായിക്കണ്ട് ബഹുമാനിക്കാൻ കഴിയുന്നു. പക്ഷെ, ഇപ്പോഴും സ്ത്രീകൾ സിനിമയിൽ നിലനിൽക്കണമെങ്കിൽ തങ്ങളുടെ വഴിവിട്ട താത്പര്യങ്ങൾക്ക് വശംവദരാകണമെന്നു നിർബന്ധമുള്ളവർ ധാരാളമുണ്ട്. സിനിമയിൽ അവരുടെ സ്വാധീനം അത്രമേലുണ്ട്.

ഈ അടുത്ത കാലത്ത് സിനിമയിൽ ക്ലിക്കായ ഒരു അഭിനേത്രി നേരിടേണ്ടി വന്ന ചോദ്യം ഇങ്ങനെ: 'വഴങ്ങിത്തുടങ്ങിയെങ്കിൽ പറയണം കേട്ടോ, ഞങ്ങളൊക്കെ ഇവിടെയുണ്ട്...!" എന്നിട്ടൊരു വഷളൻ ചിരിയും. അഭിനയിക്കാനെത്തുന്ന പെൺകുട്ടികളിൽ ചിലർ ആദ്യം മാതാപിതാക്കൾക്കൊപ്പമായിരിരിക്കും വരിക. പിന്നെ അച്ഛൻ വരില്ല. അതു കഴിയുമ്പോൾ അമ്മയേയും ഒഴിവാക്കും. ഇതെല്ലാം ചില 'കൺട്രോളന്മാരുടെ" ഉപദേശം അനുസരിച്ചാണെന്നാണ് സംസാരം.

പണ്ടും ഇങ്ങനെയൊക്കെത്തന്നെയാണ്. 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്' എന്ന സിനിമയിൽ തിലകൻ അവതരിപ്പിച്ച വി.എസ് കൊരട്ടൂർ പറയുന്ന ഒരു ഡയലോഗ് ഇങ്ങനെ: ''തന്ത സിനിമയിൽ ആവശ്യമില്ലാത്തതാണ്. ഇവിടെ ആവശ്യം അങ്കിൾ ആണ്... അങ്കിൾ."" അതേ സമയം ഒറ്റയ്ക്കു വന്നാലും നിർഭയമായി അഭിനയിച്ചു മടങ്ങുന്ന ന്യൂജെൻ നടിമാരും മലയാളത്തിൽ ഇന്നുണ്ട്.

ഇത് വെറും

ട്രെയിലർ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തുവന്നതൊക്കെ ചെറുത്. തിങ്കളാഴ്ച പുറത്തുവിട്ട 296 പേജ് റിപ്പോർട്ടിലെ ചില പേജുകൾ പൂർണമായി പുറത്തുവിട്ടിട്ടില്ല. ഇങ്ങനെ ഒഴിവാക്കിയ പേജുകൾക്കു പുറമേ റിപ്പോർട്ടിന്റെ അനുബന്ധമായി, നടിമാരും സാങ്കേതിക പ്രവർത്തകരായ വനിതകളും നൽകിയ മൊഴികൾ അടങ്ങുന്ന 400 പേജ് വരുന്ന ഭാഗവും പുറത്തുവന്നിട്ടില്ല. ലൈംഗിക ആവശ്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതും ക്ഷണിക്കുന്നതുമായ ഉന്നതരുടെ ഉൾപ്പെടെ വാട്സാപ് ചാറ്റുകളുടെ വിവരണം, സ്‌ക്രീൻഷോട്ടുകളുടെ പകർപ്പ്, കമ്മിറ്റി രേഖപ്പെടുത്തി ഒപ്പിട്ടു വാങ്ങിയ മൊഴികൾ എന്നിവയാണ് അനുബന്ധത്തിലുള്ളതെന്നാണ് വിവരം.

ചില സ്ത്രീകൾ രഹസ്യമായി റെക്കാർഡ് ചെയ്ത ദൃശ്യങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുന്ന പെൻഡ്രൈവുകളും സി.ഡികളും മറ്റും അനുബന്ധമായ ഇലക്ട്രോണിക് രേഖകളാണ്. സ്ത്രീകൾക്കെതിരെ പുരുഷന്മാരായ ചലച്ചിത്ര പ്രവർത്തകർ നടത്തിയ പരാമർശങ്ങളും മൊഴികളും അനുബന്ധത്തിന്റെ ഭാഗമാണ്. പ്രധാന റിപ്പോർട്ടിൽ 296 പേജുകളാണ് ഉണ്ടായിരുന്നത്. ഇതിൽ സ്വകാര്യതയെ ബാധിക്കുന്നുവെന്ന പേരിൽ 48, 49 എന്നീ ഖണ്ഡികകളും 165 മുതൽ 169 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കിയതിനു പുറമേ സാംസ്‌കാരിക വകുപ്പ് നടത്തിയ പരിശോധനയിൽ 61 പേജുകളും ഒഴിവാക്കി. വ്യക്തികളുടെ സ്വകാര്യതയും വ്യക്തി സുരക്ഷിതത്വവും മാനിച്ച് ഇവ ഒഴിവാക്കുന്നതായാണ് പറയുന്നത്.

ഒരു കോൺക്ലേവ്

കൊണ്ട് തീരുമോ?​

റിപ്പോർട്ട് പുറത്തുവരുമെന്നായപ്പോൾ മുതൽ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ കോൺക്ലേവ് നടത്തുമെന്നാണ് വകുപ്പു മന്ത്രി സജി ചെറിയാൻ പറയുന്നത്. നാലര വർഷമായി റിപ്പോർട്ട് സാംസ്കാരിക വകുപ്പിന്റെ കൈയിൽ വന്നിട്ട്. അപ്പോഴൊന്നും ഇത് തുറന്നു നോക്കിയില്ലേ എന്നാണ് സിനിമാ രംഗത്തെ വനിതകൾ ചോദിക്കുന്നത്.

വനിതകളായ അഭിനേതാക്കൾക്ക് ടോയ്ലറ്റ് സംവിധാനമില്ലാത്തതിന്റെ ഭീകരത റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. ഒരു ഇ- ടോയ്ലറ്റ് എങ്കിലും സെറ്രുകളിൽ നിർബന്ധമാക്കണമെന്ന് സർക്കാരിന് തോന്നിയതേയില്ല!

ജൂനിയർ ആർട്ടിസ്റ്റുകളുടെ കൂലി വൻ തോതിൽ വെട്ടിച്ചെടുക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അവിടെ തൊഴിൽ വകുപ്പിന്റെ ഇടപെടലും ഉണ്ടായില്ല. സിനിമയിലെ സ്ത്രീകളുടെ ചെറിയൊരു ശതമാനം മാത്രമാണ് കമ്മിറ്രിക്കു മുമ്പിൽ പ്രതികരിച്ചത്. ഒന്നും മിണ്ടാതെ സഹിച്ചും ക്ഷമിച്ചും കഴിയുന്നവരുടെ എണ്ണം കൂടുതലാണ്. ഈ ദു:സ്ഥിതിക്ക് മാറ്രം വരണമെങ്കിൽ റിപ്പോർട്ടിൽ പ്രതിസ്ഥാനത്തു നിൽക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സ്ത്രീകൾക്ക് നീതികിട്ടുമെന്നു മാത്രമല്ല, മാന്യന്മാരായ പുരുഷന്മാരിൽ നിന്ന് സംശയത്തിന്റെ നിഴൽ മാറുകയും ചെയ്യും. അതുണ്ടാകുമോ? എഡിറ്റഡ് രൂപമായിട്ടു പോലും റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ കരുനീക്കം നടത്തിയവർക്ക് സർക്കാർ സംവിധാനങ്ങളിലുള്ള സ്വാധീനം ചില്ലറയല്ല.

(തുടരും)