ചില പുസ്തകങ്ങളുണ്ട്, പാരായണാനന്തരം വായനക്കാരെ നിശബ്ദരാക്കുന്നവ. ക്ഷിപ്രപ്രതികരണങ്ങളുടെ സാദ്ധ്യതകളെയെല്ലാം അടച്ചു കൊണ്ട്, മറ്റൊന്നിലേക്ക് ശ്രദ്ധതിരിക്കാൻ കഴിയാതാക്കിക്കൊണ്ട് ആ പുസ്തകങ്ങൾ വായനക്കാരെ ഒരു ബാധപോലെ പിന്തുടരും. ബോധത്തിൽ അതുറയ്ക്കും വരെ പിന്തുടർന്നു കൊണ്ടേയിരിക്കും. നിശബ്ദമാക്കപ്പെടുന്ന ഒരു വായനാനുഭവമാണ് പി. രവികുമാർ എഴുതിയ 'പട്ടിനത്താർ' എന്ന ദീർഘകാവ്യം എനിക്കു നൽകിയത്. എം. ഡി രാമനാഥൻ എന്ന മഹാഗായകനെക്കുറിച്ച് 'എം.ഡി രാമനാഥൻ' എന്ന പേരിൽ ഒരു ജീവിതകാവ്യവും ഔപനിഷദിക വിഷയമായ 'നചികേതസ്' എന്ന ദീർഘകാവ്യവും എഴുതിയ രവികുമാർ, പട്ടിനത്താർ എന്ന ശൈവസിദ്ധന്റെ ജീവിതത്തെയാണ് ഈ കൃതിയിൽ കാവ്യവിഷയമാക്കിയിരിക്കുന്നത്.
പത്താം നൂറ്റാണ്ടിലെ ശൈവസിദ്ധന്മാരുടെ കൂട്ടത്തിൽ പ്രമുഖനാണ് പട്ടിനത്താർ. ശൈവ- വൈഷ്ണവ സംഘർഷങ്ങളുടെ ഭൂമികയായിരുന്ന തമിഴ്നാട്ടിൽ വൈഷ്ണവാരാധനയുടെ സാവർണ്യത്തിൽ നിന്ന് മാറി നിൽക്കുകയും ചണ്ഡാളനായും രൂപമുള്ള ശൈവമൂർത്തിയുടെ 'തുറവി' യായി ജീവിതത്തിന്റെ ആന്തരാർത്ഥങ്ങൾ തിരയുന്ന തികഞ്ഞ ദാർശനിക ജീവിതരീതി തിരഞ്ഞെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു ശൈവസിദ്ധന്മാരുടെ ജീവിതവും കഥകളും.
പട്ടിനത്താർ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്നയാളാണ്. കാവേരിപൂംപട്ടണത്തിലാണ് ജനനം. തിരുവെങ്കാടൻ എന്നാണ് മാതാപിതാക്കൾ കൊടുത്ത പേര്. തിരുവെങ്കാടൻ സമ്പന്നനായ ഒരു വ്യാപാരിയായിരുന്നു. ശിവകല ആയിരുന്നു ഭാര്യ. മക്കളില്ലാത്തതിനാൽ മരുതവാണൻ എന്നൊരു കുട്ടിയെ ദത്തെടുത്തു വളർത്തി. വളർന്നപ്പോൾ വ്യാപാരാർത്ഥം അവൻ വിദേശത്തു പോയി. തിരികെ വന്നപ്പോൾ ചാണക വറളികളാണ് കൊണ്ടുവന്നത്. അമ്മയുടെ കൈയിൽ ഒരു ചെറുപെട്ടി ഏൽപ്പിച്ച് മരുതവാണൻ ഇറങ്ങിപ്പോയി.
കുപിതനായ തിരുവെങ്കാടൻ ചാണകവറളി നിലത്തെറിഞ്ഞു. അപ്പോഴുണ്ട്, അതിൽ നിന്ന് രത്നങ്ങളും സ്വർണവും പൊഴിയുന്നു. ചെറുപെട്ടി തുറന്നപ്പോൾ അതിലൊരു ഒടിഞ്ഞ സൂചിയും പനയോലയിൽ ഒരു കുറിപ്പും; 'ഈ തലയൊടിഞ്ഞ സൂചി പോലും അന്ത്യയാത്രയിൽ കൂടെ വരില്ല". തിരുവെങ്കാടൻ അത് വായിച്ചതോടെ ജ്ഞാനിയായി. സർവവും ഉപേക്ഷിച്ച് അവധൂതനായി. ആളുകൾ അയാളെ പട്ടിനത്താർ എന്നു വിളിച്ചു. എല്ലാ ശിവക്ഷേത്രങ്ങളും സന്ദർശിച്ച് മഹാകാവ്യങ്ങൾ എഴുതി. ഒടുവിൽ തിരുവൊട്ടിയൂരിൽ വെച്ച് അദ്ദേഹം സമാധിയായി- ഇതാണ് പട്ടിനത്താരുടെ കഥ.
ഈ കഥയെ ഒരു കാവ്യമായി പരിവർത്തിപ്പിക്കാൻ പി. രവികുമാർ സ്വീകരിച്ചിരിക്കുന്ന രീതി ഫ്രീ വേർസിന്റേതാണ്. അതൊരു കഥ പറച്ചിലാണ്. എം.ഡി. രാമനാഥനെക്കുറിച്ചും നചികേതസിനെക്കുറിച്ചും എഴുതുമ്പോൾ ഇതു തന്നെയാണ് രവികുമാർ എടുക്കുന്ന ശൈലി. ഇന്ത്യൻ ശില്പപാരമ്പര്യങ്ങളുടെ ഉപമയിൽ പറഞ്ഞാൽ ചോളശില്പങ്ങളുടെ നിർമ്മാണചാരുതയാണ്/ചാതുരിയാണ് രവികുമാർ ഈ ദീർഘകാവ്യത്തിന്റെ രചനയിൽ കാട്ടിയിരിക്കുന്നത്. ലളിതമെങ്കിലും ആശയസമ്പുഷ്ടം. ഇംഗ്ലീഷിൽ ഇതിനെ നമ്മൾ മിനിമൽ ഈസ്തെറ്റിക്സ് എന്നു വിളിക്കാം. കുറയ്ക്കലിന്റെ ധാരാളിത്തം.
മനുഷ്യൻ എന്താണ് ആകേണ്ടത് എന്നതിന്റെ ഒരു മാന്വൽ ആണ് രവികുമാർ, പട്ടിനത്താരുടെ ഉദാഹരണത്തിലൂടെ പറയുന്നത് എന്ന് സൂക്ഷ്മദൃക്കുകൾക്ക് മനസിലാകും. അത്തരമൊരു ആദർശലോകം/ജീവിതം സാദ്ധ്യമോ എന്നു ചോദിച്ചാൽ സാദ്ധ്യമല്ല എന്നുതന്നെയാണ് ഉത്തരം. പക്ഷെ എല്ലാ പ്രതിരോധങ്ങൾക്കും അപ്പുറം മനുഷ്യന്റെ ജീവിതദർശനം എന്താകണം എന്നുള്ളതിനുള്ള ഉത്തരം കൂടിയാണ് ഈ സിദ്ധജീവിതത്തിന്റെ കാവ്യാവിഷ്കാരം. പതിവുള്ള അദ്വൈതത്തിന്റെ ഏകപക്ഷീയമായ സവർണാഭിമുഖ്യം ഈ കാവ്യത്തിനോ ജീവിതത്തിനോ ഇല്ല. നേരെമറിച്ച് ഇത് സവർണർ വളരെ ശ്രദ്ധാപൂർവം വായിക്കേണ്ട ഒരു കാവ്യമാണെന്ന് പറയേണ്ടിവരും. ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം ഉറപ്പിക്കാൻ പറയുന്ന അദ്വൈതത്തിന്റെ മറുപുറമാണിത്. ബ്രാഹ്മണ്യത്തെ അതായി നിറുത്തുന്ന എല്ലാ ഭൗതിക തന്ത്രങ്ങളോടുമുള്ള ചോദ്യങ്ങളാണ് ഈ കാവ്യത്തിലൂടെ പട്ടിനത്താരും കവിയും ഉയർത്തുന്നത്.
പന്ത്രണ്ട് അദ്ധ്യായങ്ങളിലായാണ് രവികുമാർ പട്ടിനത്താരുടെ ജീവിതം അവതരിപ്പിച്ചിരിക്കുന്നത്. രാജാവ് നിൽക്കുന്നു; പട്ടിനത്താർ ഇരിയ്ക്കുന്നു എന്ന അദ്ധ്യായം സവിശേഷമാണ്. പട്ടിനത്താർ എത്തിയതറിഞ്ഞ്, തനിക്ക് അദ്ദേഹത്തിന്റെ പൂർവാശ്രമത്തിൽ എല്ലാ വർഷവും നൽകിയിരുന്ന രത്നമാലകളെ ഓർത്ത്, പട്ടിനത്താരുടെ സഹോദരിയുടെ അന്തസിനുണ്ടായ ഇടിവിനെ മാറ്റണമെന്നുദ്ദേശിച്ച് രാജാവ് അദ്ദേഹത്തോട് പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ അഭ്യർത്ഥിക്കുകയാണ്. അപ്പോൾ പട്ടിനത്താർ ഒരുത്തരമേ പറയുന്നുള്ളൂ, "രാജാവായ അങ്ങ് എന്റെ മുന്നിൽ നിൽക്കുന്നു; തുറവിയായ ഞാൻ അങ്ങയുടെ മുന്നിൽ ഇരിക്കുന്നു." അതോടെ രാജാവ് വിറച്ചു പോവുകയാണ്. ആ ചെറിയ പ്രസ്താവന വലിയൊരു അറിവാണ്. നമ്മൾ അറിയാതെ ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസിനെ ഓർത്തുപോകും.ഡയോജനിസിന് കണ്ടെത്തേണ്ടിയിരുന്നത് മനുഷ്യരെ ആയിരുന്നു. പട്ടിനത്താർ തിരഞ്ഞത് പരവുമായുള്ള ചേർച്ചയെ ആയിരുന്നു.