sports

ആഗസ്റ്റ് 26ന് ശ്രീജേഷിന് നൽകാനിരുന്ന സ്വീകരണച്ചടങ്ങിന്റെ വാർത്താക്കുറിപ്പിനൊടുവിൽ ഒരു വാക്യം കൂടിയുണ്ടായിരുന്നു; 2018 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി.കെ വിസ്മയ,വി.നീന തുടങ്ങിയവർക്ക് വാഗ്ദാനം നൽകിയ സർക്കാർ ജോലിയുടെ നിയമനഉത്തരവ് ഈ ചടങ്ങിൽ കൈമാറുമെന്ന്. ചടങ്ങിനെത്തണമെന്ന സർക്കാർ അറിയിപ്പ് പരിപാടിയുടെ തലേന്ന് ഉച്ചയോടെ ഇവർക്കെത്തുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ചടങ്ങ് മാറ്റിവച്ച വാർത്തയുമെത്തി. ആറുവർഷമായി തങ്ങൾ കാത്തിരിക്കുന്ന ആ ഉത്തരവ് ഇനിയെന്ന് കിട്ടുമെന്ന് കാത്തിരിക്കുകയാണ് ഇവർ.

2018 ഏഷ്യൻ ഗെയിംസിൽ ഇവർക്കൊപ്പം മെഡൽ നേടിയ മറ്റ് സംസ്ഥാനങ്ങളിലുള്ള താരങ്ങളുടെ സ്ഥിതി പരിശോധിച്ചാൽമതി നമ്മുടെ 'കാര്യക്ഷമത" മനസിലാക്കാൻ. ജക്കാർത്തയിൽ റിലേയിൽ മത്സരിച്ച ഹിമ ദാസ് അസാമിലും സരിത ബെൻ ഗുജറാത്തിലും ഡിവൈ.എസ്.പിമാരാണ്. സ്പ്രിന്റിൽ മെഡൽ നേടിയ ദ്യുതി ചന്ദ് കേന്ദ്ര മൈനിംഗ് വകുപ്പിൽ ഓഫീസറും. 2023ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ പരുൾ ചൗധരിക്ക് യു.പി സർക്കാർ ഡിവൈ.എസ്.പിയായി നിയമം നൽകിയപ്പോൾ 2018ലും 2023ലും മെഡൽ നേടിയ അനസിന്റെ ഉത്തരവ് ഇപ്പോഴും ഉറങ്ങുന്നു !.

ജോലിക്കായി

വേറേ ഓടണം

ജക്കാർത്തയിൽനിന്ന് മെഡലുമായി വന്നപ്പോൾ സർക്കാർ നൽകിയ സ്വീകരണച്ചടങ്ങിലാണ് ഇവർക്ക് ഗസറ്റഡ് റാങ്ക് ഉദ്യോഗം നൽകുമെന്ന് പരസ്യവാഗ്ദാനം നൽകിയത്. ഇതനുസരിച്ച് കളക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ വീട്ടിലെത്തി ജോലിക്കുള്ള അപേക്ഷ ഒപ്പിട്ടുവാങ്ങി. പക്ഷേ ആ അപേക്ഷയ്ക്കു പിന്നാലെ ഗ്രൗണ്ടിൽ ഓടിയതിനേക്കാൾ ഓടേണ്ടിവന്നു. അന്താരാഷ്ട്ര കായികമേളകളിൽ മെഡൽ നേടുന്നവർക്ക് വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ ഗസറ്റഡ് പോസ്റ്റിൽ ജോലി നൽകാമെന്ന് സർക്കാർ ചട്ടമുണ്ടങ്കിലും വിദ്യാഭ്യാസ യോഗ്യതയുണ്ടോ,​ നേരത്തേ ആർക്കെങ്കിലും ഇത്തരത്തിൽ ജോലി നൽകിയിട്ടുണ്ടോ എന്നൊക്കെ ക്വറിയിട്ട് ഫയലുകൾ മുകളിലേക്കും താഴേക്കും അയച്ചു കളിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. മൂന്നുവർഷത്തോളം സെക്രട്ടേറിയറ്റ് കയറിയിറങ്ങി മടുത്ത വിസ്മയ പരിക്കും സാമ്പത്തിക പ്രശ്നങ്ങളും കാരണം മറ്റൊരു സംസ്ഥാനത്ത് ബാങ്കിൽ ജോലിക്കു കയറി. എന്നെങ്കിലും കേരളം വിളിക്കുമ്പോൾ നാട്ടിലേക്കു വരാനിരിക്കുകയാണ് വിസ്മയ.

കേരളത്തിൽ നിന്നുള്ള ഈ സമീപനം കാരണമാണ് അന്താരാഷ്ട്ര താരങ്ങളിൽ പലരും കേരളത്തിന് പുറത്ത് റെയിൽവേയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലുമായി കയറുന്നത് . റെയിൽവേയിൽ കയറുന്നവർക്ക് കേരളത്തിലേക്ക് സ്ഥലം മാറ്റം വേണമെങ്കിൽ സീനിയോറിറ്റി മുഴുവൻ നഷ്ടമാകുമെന്ന സ്ഥിതിയാണ്.കേരളത്തിൽ ജോലിക്ക് കയറിയാൽ സർവീസ് പരിഗണിക്കണമെങ്കിൽ സ്പോർട്സ് അവസാനിപ്പിച്ചുവെന്ന് എഴുതിക്കൊടുക്കണമെന്ന മറ്റൊരു വിചിത്ര നിയമവുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ദേശീയ ക്യാമ്പുകളിൽ പരിശീലനം നടത്തുന്ന കാലം സർവീസായി പരിഗണിക്കും. അങ്ങനെ നോക്കുമ്പോൾ മലയാളി താരങ്ങൾക്കൊപ്പം മെഡൽ നേടിയവർ പ്രൊമോഷൻ ലഭിച്ച് എസ്.പിയായി മാറിയാലും ഇവർ ആറു വർഷം അ‌ടയിരുന്നിട്ടും വിരിയാത്ത നിയമന ഉത്തരവിന് കാത്തിരിക്കും.

ശമ്പളം കിട്ടാതെ

പരിശീലകർ

താരങ്ങൾക്ക് ജോലിയല്ലേ കിട്ടാതുള്ളൂ, സ്പോർട്സ് കൗൺസിലിൽ ജോലിയുള്ള പരിശീലകർക്ക് ജോലി ചെയ്തതിന്റെ ശമ്പളമാണ് കിട്ടാനുള്ളത്. അർദ്ധ സർക്കാർ സ്ഥാപനമായ സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലെ താത്കാലിക ജീവനക്കാർക്ക് ശമ്പളം കൃത്യമായി കിട്ടിയിട്ട് രണ്ടുവർഷത്തിലേറെയായി. രണ്ടും മൂന്നും മാസം ശമ്പളം മുടങ്ങുമ്പോൾ പത്രത്തിൽ വാർത്ത വരും; കുറച്ചെങ്കിലും കിട്ടും. വീണ്ടും മുടങ്ങും, വാർത്ത വന്നാലേ വീണ്ടും കിട്ടൂ എന്ന സ്ഥിതി. അപ്പോഴും സ്ഥിരം ജീവനക്കാർക്ക് ശമ്പളം കിട്ടിയിരുന്നു. ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരിൽ 'ചെലോർക്ക് കിട്ടും, ചെലോർക്ക് കിട്ടൂല" എന്നുപറഞ്ഞപോലെ. ഒരു പന്തിയിൽ രണ്ട് വിളമ്പ് നടത്തുന്നത് ശരിയല്ലെന്ന് തോന്നിയിട്ടാവും ഇപ്പോൾ സോഷ്യലിസം വരുത്തിയിട്ടുണ്ട്; സ്ഥിരക്കാർക്കും താത്കാലികക്കാർക്കും ശമ്പളമില്ല.! ഈ മാസം 30 കഴിഞ്ഞിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാതെ , തങ്ങൾ സർക്കാർ ജോലിക്കാർ തന്നെയാണോ എന്ന ചിന്തയിലാണ് കൗൺസിലിലെ സ്ഥിരജീവനക്കാർ. വർഷങ്ങൾക്ക് മുമ്പ് പെൻഷൻ പറ്റിയവർക്ക് ലഭിച്ചത് നാമമാത്രമായ ആനുകൂല്യങ്ങളാണ്.

സർക്കാർ ഗ്രാന്റിൽ നിന്നാണ് കൗൺസിൽ ശമ്പളം നൽകേണ്ടത്. 90 ലക്ഷം വേണ്ടയിടത്ത് 60 ലക്ഷം മാത്രമാണ് ധനകാര്യ വകുപ്പിൽ നിന്ന് ലഭിച്ചതെന്നും അതിനാലാണ് ശമ്പളം മുടങ്ങിയതെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ശമ്പളവും പെൻഷനും മാത്രമല്ല കായിക താരങ്ങൾക്കുള്ള ജഴ്സിയുൾപ്പടെ മുടങ്ങിക്കിടക്കുകയാണ് കൗൺസിലിൽ. എന്നാൽ ചില ചെലവുകൾക്ക് ഒരു തടസവുമില്ല. അതേക്കുറിച്ച് നാളെ...(തുടരും)