പരമ്പര -3
അത്‌ലറ്റിക്സിലും ഫുട്ബാളിലും വോളിബാളിലുമൊക്കെ ഇന്ത്യൻ ടീമുകളിൽ മലയാളി താരങ്ങളെക്കൊണ്ട് നിറഞ്ഞ ഒരുകാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ദേശീയ ടീമുകളിൽ മലയാളികളെ കാണണമെങ്കിൽ മഷിയിട്ടുനോക്കണം. കാൽനൂറ്റാണ്ടോളം ദേശീയ ജൂനിയർ അത്‌ലറ്റിക്സ് കിരീടം കേരളത്തിന്റെ കുത്തകയായിരുന്നു. ഹരിയാനയും തമിഴ്നാടും കർണാടകയുമൊക്കെ കായികരംഗത്ത് കാര്യമായി ശ്രദ്ധിച്ചുതുടങ്ങിയതോടെ കേരളത്തിന്റെ കുതിപ്പിന് അവസാനമായി. 2013ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ഹരിയാന ആദ്യമായി കേരളത്തെ മറികടന്ന് കിരീടം പിടിച്ചെടുത്തത്. പിന്നീടിതുവരെ ജൂനിയറിൽ പോയിട്ട് സബ് ജൂനിയറിൽ പോലും ചാമ്പ്യന്മാരാകാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. പത്തുവർഷത്തിനിപ്പുറം മെഡൽപ്പട്ടികയിലെ ആദ്യ അഞ്ചുസ്ഥാനങ്ങളിലെത്താൻ കഴിയാത്ത സ്ഥിതിയാണ്.
മുമ്പൊക്കെ ഓരോ ദേശീയ ചാമ്പ്യൻഷിപ്പുകളിലും വലിയൊരു സംഘമായി ആഘോഷത്തോടെ പങ്കെടുത്തിരുന്ന കേരള ടീമിന്റെ ഇപ്പോഴത്തെ അവസ്ഥകണ്ടാൽ കരച്ചിൽ വരും. അത്‌ലറ്റിക്സിൽ എന്നല്ല ഒരു കായിക ഇനത്തിലും ദേശീയചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന കേരള ടീമിന് കേരളം എന്ന് പേരെഴുതിയ ജഴ്സി നൽകിയിട്ട് വർഷങ്ങളായി. ഇത് ചെയ്യേണ്ട സംസ്ഥാന സ്പോർട്സ് കൗൺസിൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് കുട്ടികൾക്ക് യൂണിഫോമും സ്പോർട്സ് കിറ്റും നൽകാത്തത്. സ്പോർട്സ് കൗൺസിലിന് കീഴിലുള്ള മിക്ക കായിക ഹോസ്റ്റലുകളിലും ആവശ്യത്തിന് പരിശീലകരോ കായിക ഉപകരണങ്ങളോ ഇല്ല. ഫണ്ടില്ലാത്തതിനാൽ പല ഹോസ്റ്റലുകളിലും ഈവർഷം അറ്റകുറ്റപ്പണി നടത്തിയില്ല. കൊല്ലത്തെ ഹോസ്റ്റൽ അറ്റകുറ്റപ്പണിക്കായി അടച്ചുപൂട്ടിയതിനാൽ അവിടുത്തെ പെൺകുട്ടികൾക്ക് സ്റ്റേഡിയത്തിനുള്ളിലെ ഡോർമിറ്ററിയിൽ ചാള അടുക്കിയതുപോലെ കിടക്കേണ്ടിവന്നു.
സ്പോർട്സ് ഹോസ്റ്റലുകളിൽ കുട്ടികൾക്ക് ഭക്ഷണം നൽകിയതിന്റെയും ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കൊണ്ടുപോയതിന്റെയും പണം പല കായിക അസോസിയേഷനുകൾക്കും പരിശീലകർക്കും നൽകിയിട്ടില്ല. പണം കിട്ടാത്തതിനാൽ കുട്ടികൾക്ക് നൽകാൻ നിശ്ചയിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ നിലവാരത്തിലാണ് കരാറെടുത്തിരിക്കുന്നവർ ആദ്യം കൈവയ്ക്കുക. ചിക്കനും മീനുമൊക്കെ അപ്രത്യക്ഷമാകും. സമയത്ത് കാശുകൊടുക്കാത്തതിനാൽ കൗൺസിൽ അധികൃതർക്ക് ചോദ്യം ചെയ്യാനുമാകില്ല. സ്പോർട്സിനോട് സ്നേഹമുള്ള ചിലർ ഇപ്പോഴുമുള്ളതുകൊണ്ടാണ് കായികതാരങ്ങൾ ഹോസ്റ്റലുകളിൽ കഞ്ഞികുടിച്ച് കഴിയുന്നത്.
ഹോസ്റ്റലുകളിലേക്കും സ്റ്റേഡിയങ്ങളിലേക്കും കായിക ഉപകരണങ്ങൾ വാങ്ങിയിട്ട് വർഷങ്ങളായി. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി വാങ്ങിയ ഉപകരണങ്ങളാണ് പലയിടത്തുമുള്ളത്. പലസാധനങ്ങളും ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കൂട്ടയിട്ടിരുന്നത് പരിശീലകർ മുറവിളി കൂട്ടിയപ്പോഴാണ് കുട്ടികളുടെ കയ്യിലേക്ക് എത്തിയത്. ദേശീയ ഗെയിംസിന്റെ സമയത്താണ് പല സ്റ്റേഡിയങ്ങളുടെയും അറ്റകുറ്റപ്പണികൾ അവസാനമായി നടന്നതും. സംസ്ഥാനത്തെ പല ഇൻഡോർ സ്റ്റേഡിയങ്ങളും ചോർന്നൊലിക്കുന്നത് വാർത്തയായിരുന്നു. നാലു സിന്തറ്റിക് ട്രാക്കുകൾ തിരുവനന്തപുരത്തുണ്ടെങ്കിലും ദേശീയ മത്സരങ്ങൾ നടത്താനുള്ള നിലവാരം പലതിനുമില്ല. കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കിന്റെ കാര്യമാണ് പരമകഷ്ടം. കാലപ്പഴക്കത്താൽ പലയിടത്തും വിണ്ടുകീറിയ ട്രാക്കിൽ പരിക്കിനെ പേടിച്ചാണ് താരങ്ങൾ പരിശീലിക്കുന്നത്. സ്വന്തം ട്രാക്ക് പടുകുഴിയായതിനാൽ ഇന്റർ യൂണി. മീറ്റ് നടത്താൻ അടുത്തുള്ള ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ട്രാക്ക് വാടകയ്ക്കെടുക്കേണ്ട നാണക്കേടിലാണ് കേരള യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്ക് സ്വകാര്യ സ്കൂളുകൾക്ക് സ്പോർട്സ് മീറ്റ് നടത്താൻ വാടകയ്ക്ക് നൽകുകയും ചെയ്യും. ചവിട്ടുമ്പോൾ കുഴിഞ്ഞുപോകുന്ന ട്രാക്കിൽ അഞ്ചും ആറും ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളെ ഓടിക്കാൻ തയ്യാറാകുന്ന ആ വലിയ മനസിനെ നമിക്കണം.
നമ്മുടെ കായികരംഗത്തെ കാര്യങ്ങൾ നോക്കാൻ കായിക വകുപ്പുണ്ട്, സംസ്ഥാന ജില്ലാ സ്പോർട്സ് കൗൺസിലുകളുണ്ട്, യുവജന ക്ഷേമ ഡയറക്ടറേറ്റുണ്ട്. പക്ഷേ കായിക ഭാവി തെളിയുന്നേയില്ല. അതേപ്പറ്റി നാളെ (തുടരും)
ഡീസലടിച്ചത് മൂന്നേമുക്കാൽ ലക്ഷത്തിന്
ജീവനക്കാർക്ക് ശമ്പളവും കുട്ടികൾക്ക് ജഴ്സിയും ഷൂസുമൊന്നും കൊടുക്കാൻ കാശില്ലെങ്കിലും സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തിരിക്കുന്നവർക്ക് ചെലവിടാൻ പണത്തിന് ഒരു പഞ്ഞവുമില്ല. പത്തുമാസത്തിനിടെ കൗൺസിൽ പ്രസിഡന്റിന്റെ കാറിന് ഡീസലടിക്കാൻ മാത്രം 3,72,123 രൂപയാണ് ചെലവിട്ടത്. ഒരു എം.എൽ.എയ്ക്ക് ഒരു വർഷം ഡീസൽ അലവൻസായി നാലുലക്ഷം അനുവദിക്കുന്നിടത്താണ് ഇത്രയും തുക കൗൺസിൽ സെക്രട്ടറി ഒപ്പിട്ട് അനുവദിച്ചത്.
വലിയ വാടക നൽകി തലസ്ഥാനത്ത് ഫ്ളാറ്റ് അനുവദിച്ചതും വിശ്വസ്തനെ സർക്കാർ ശമ്പളത്തിൽ സഹായിയായി നിയമിച്ചതുമൊക്കെ ധൂർത്തിന്റെ വകഭേദങ്ങൾ. അതിനുമുപരി ബി.പിയുടെ ഗുളികയ്ക്കും വീട്ടിലെ ഷൂ റാക്കിനും സ്പോർട്സ് കൗൺസിലിൽ നിന്ന് പണം അനുവദിപ്പിച്ചതിനെ എങ്ങനെ വിശേഷിപ്പിക്കും ?. സെക്രട്ടറി സ്ഥാനത്തേക്ക് കാര്യവിവരമുള്ള ഒരു ഐ.എ.എസുകാരൻ എത്തിയപ്പോഴാണ് ധൂർത്തിന് അൽപ്പമെങ്കിലും അറുതി വന്നത്. ഇന്നോവ കാറിന്റെ നാലു ടയറുകളും ഒരുമിച്ച് മാറാനുള്ള ഫയലിൽ എതിർവാദമെഴുതാൻ ഈ സെക്രട്ടറി ധൈര്യം കാട്ടിയില്ലായിരുന്നെങ്കിൽ ആ കാശും പോയേനെ.