s

പരമ്പര -4

അടുത്തിടെയാണ് പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച ക്രിക്കറ്റ് പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളും രക്ഷകർത്താക്കളും ധൈര്യത്തോടെ പൊലീസിനെ സമീപിച്ചതിനാലാണ് ഇയാൾ പിടിയിലായത്. ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ഒരു പരിശീലകൻ കാട്ടിയ ക്രിമിനൽ കുറ്റം കോടതിയിലെത്തിയെങ്കിൽ സ്പോർട്സ് കൗൺസിലിന് കീഴിൽ സർക്കാർ ശമ്പളം വാങ്ങി കുട്ടികളെ ഉപദ്രവിച്ചെന്ന് ആക്ഷേപമുയർന്ന പരിശീലകർ പലരും ഇപ്പോഴും സുരക്ഷിതരാണ്. ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിച്ച കുട്ടികളുടെ, അതും പ്രായപൂർത്തിയാകാത്തവരുടേതുൾപ്പടെ പരാതികൾ കോടതിയിൽ പോയിട്ട് പൊലീസിൽ പോലും എത്താത്തതാണ് ഇതിന് കാരണം. ഇതിന് വഴിയൊരുക്കിയതാകട്ടെ കാലാകാലങ്ങളിലായി കൗൺസിലിന്റെ തലപ്പത്ത് ഇരുന്നവരും.

പത്തുവർഷത്തിനിടെ നിരവധി ലൈംഗിക ചൂഷണ പരാതികളാണ് സ്പോർട്സ് കൗൺസിലിലെ കോച്ചുമാർക്കെതിരെ ഉയർന്നത്. ഒന്നിലേറെ പരാതികൾ നേരിട്ടവരുമുണ്ട്. പരാതികൾ എത്തുമ്പോൾതന്നെ ഒതുക്കിത്തീർക്കാൻ തലപ്പത്തിരിക്കുന്നവർ കാട്ടിയ 'ഉത്തരവാദിത്തം " പീഡനവീരന്മാർക്ക് രക്ഷാകവചമൊരുക്കി. പരിശീലകർക്ക് എതിരെ പരാതിയുമായെത്തുന്നവരെ സ്പോർട്സിൽ ഇതൊക്കെ സാധാരണമാണെന്നും ഇതുമായി മുന്നോട്ടുപോയാൽ കായികഭാവി നശിക്കുമെന്നും നാണക്കേടാകുമെന്നും പറഞ്ഞ് ഭയപ്പെടുത്തുന്നത് കൗൺസിലിന്റെ തലപ്പത്തിരിക്കുന്നവർ തന്നെയാകുമ്പോൾ അവർ പിൻവലിയും. പിന്നെ വേണ്ടപ്പെട്ടവരെച്ചേർത്ത് ഒരു കമ്മിറ്റിയുണ്ടാക്കി അന്വേഷണമെന്ന പ്രഹസനം നടത്തി ഒന്നും നടന്നിട്ടില്ലെന്ന് ക്ലീൻചിറ്റും നൽകും. ആരോപണം നേരിട്ടയാൾക്ക് വീടിന് അടുത്തേക്കൊരു സ്ഥലം മാറ്റവും നൽകിയാൽ ശുഭം. പെൺകുട്ടികളെ പരിശീലിപ്പിക്കാനോ ഒപ്പം യാത്രചെയ്യാനോ അനുവദിക്കരുതെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ വിലക്കിയ പരിശീലകനെ വനിതാ ടീമിന്റെ കോച്ചായി വാഴിച്ച ചരിത്രമാണ് കൗൺസിലിനുള്ളത്.

പരാതിപ്പെടുന്ന കുട്ടികളെ പിന്തുണയ്ക്കാൻ ആരെങ്കിലും തുനിഞ്ഞാൽ ഒറ്റപ്പെടുത്തി ആക്രമിക്കും. മുമ്പ് മദ്ധ്യകേരളത്തിലെ ഒരു ഹോസ്റ്റലിലെ കുട്ടിക്ക് പരിശീലകനിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടു. അന്ന് ഹോസ്റ്റൽ വാർഡനായിരുന്ന സ്ത്രീ ഇക്കാര്യം ജില്ലാ സ്പോർട്സ് കൗൺസിലിലും സംസ്ഥാന കൗൺസിലിലുമൊക്കെ അറിയിച്ചു. കുട്ടി പരാതിയും നൽകി. എന്നാൽ കായിക ഭാവിയെക്കുറിച്ചുള്ള വിരട്ടും പ്രലോഭനങ്ങളുമായി കുട്ടിയുടെ വീട്ടിൽച്ചെന്ന് പരാതി പിൻവലിപ്പിക്കാൻ മുന്നിൽ നിന്നത് രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ളവരാണ്. അവസാനം വാർഡന്റെ ജോലി പോയി. മുൻ കായികതാരം കൂടിയായ അവർ ഇപ്പോഴും തൊഴിലില്ലാതെ വിഷമിക്കുന്നു.

തിരുവനന്തപുരത്ത് ഒളിമ്പിക്സ് മെഡൽ നേടാനായി തുടങ്ങിയ പ്രത്യേക പദ്ധതിക്ക് കീഴിലെ വനിതാ ഹോസ്റ്റലിൽ രാത്രി മദ്യപിച്ചെത്തി പെൺകുട്ടികളെ ചൂഷണം ചെയ്യാൻ ശ്രമിച്ച പരിശീലകനെ കുട്ടികളുടെ ബഹളത്തെത്തുടർന്ന് മറ്റ് കോച്ചുമാരെത്തിയാണ് മുറിയിൽ പൂട്ടിയിട്ടത്. ഇയാൾ അന്നത്തെ പ്രസിഡന്റിന്റെ അടുത്ത ആളായതിനാൽ ശിക്ഷ സ്ഥലംമാറ്റത്തിലൊതുങ്ങി. സ്ഥലംമാറിച്ചെന്നിടത്തും മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കി വിക്രിയ തുടരുന്നു. കുട്ടികൾക്ക് മാത്രമല്ല , സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസിലെ വനിതാ ജീവനക്കാർ പോലും സുരക്ഷിതരല്ലെന്നതാണ് സത്യം. കുറച്ചുനാളുകൾക്ക് മുമ്പാണ് ഒരു ജീവനക്കാരിയു‌‌‌ടെ വീട്ടിലെത്തി ഉപദ്രവം നടത്താൻ സഹപ്രവർത്തകൻ തുനിഞ്ഞത്.

സ്ത്രീകൾക്ക് എതിരായ അതിക്രമപരാതികൾ ലഭിച്ചാൽ , പ്രത്യേകിച്ചും പ്രായപൂർത്തിയാവാത്തവർക്ക് എതിരെയാണ് ആക്രമണമെങ്കിൽ പൊലീസിന് കൈമാറണമെന്നിരിക്കേയാണ് സ്പോർട്സ് കൗൺസിൽ തേയ്ച്ചുമായ്ച്ചു കളഞ്ഞത്. ആരോപണവിധേയർ നെഞ്ചുവിരിച്ച് നടക്കുമ്പോൾ വേദന അനുഭവിച്ചവർക്ക് തലതാഴ്‌ത്തേണ്ടിവന്നിരിക്കുന്നു. സിനിമാ മേഖലയിലെ ഹേമ കമ്മിറ്റിപോലെ ഒരു അന്വേഷണം കായികരംഗത്തും വേണമെന്നാണ് ഒരു മുൻഅന്താരാഷ്ട്ര കായിക താരം പറഞ്ഞത്. തുറന്നുപറച്ചിലുകൾ ഉണ്ടായാൽ, പൊലീസിലെത്താതെ പോയ പരാതികൾ പരിശോധിക്കപ്പെട്ടാലേ നമ്മുടെ കായിക രംഗവും ശുദ്ധമാവുകയുള്ളൂ.

കുട്ടികൾ പട്ടിണിയിലായിരിക്കുമ്പോഴും വലിയ പ്രഖ്യാപനങ്ങളും ഉച്ചകോടികളും നടത്താനാണ് അധികൃതർക്ക് താത്പര്യം.കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതികൾ എന്തായെന്ന് നാളെ.( തുടരും)

b0x with impact logo

വാർത്ത കൊണ്ടു,ശമ്പളം വന്നു

സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലെ സ്ഥിരം ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 30-ാം തീയതിയിലും ലഭിച്ചില്ലെന്ന കേരള കൗമുദി വാർത്ത വന്നതിന് പിന്നാലെ ഇന്നലെയോടെ ശമ്പളം നൽകി. എന്നാൽ താത്കാലിക ജീവനക്കാർക്കുള്ള ശമ്പളം രണ്ടുമാസമായി മുടങ്ങിക്കിടക്കുകയാണ്. ഇതും രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.

b0x

യോഗം വിളിച്ച് പ്രസിഡന്റ്

സ്പോർട്സ് കൗൺസിലിലെ കെടുകാര്യസ്ഥതയെക്കുറിച്ചുള്ള കേരള കൗമുദി പരമ്പരയ്ക്ക് പിന്നാലെ കൗൺസിൽ ജീവനക്കാരുടെ അടിയന്തരയോഗം വിളിച്ച് പ്രസിഡന്റ്. കൗൺസിലിന് സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ഫണ്ടിനെക്കുറിച്ചും ഹോസ്റ്റലുകൾക്ക് കീഴിലെ കുട്ടികൾക്ക് നൽകേണ്ട സൗകര്യങ്ങളെക്കുറിച്ചും ചർച്ച നടന്നു.