nalayiram

പീരുമേട്: ഒരാളുടെ ഫോൺ നമ്പർ ഒരു തവണ കേട്ടാൽമതി പിന്നെ അത് മനഃപാഠമാണ് ഈ 64കാരന്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും 14 ജില്ലാ കളക്ടർമാരുടെയും ഔദ്യോഗിക ഫോൺ നമ്പർ അറിയണമെങ്കിൽ ഇദ്ദേഹത്തോട് ഒന്ന് ചോദിക്കുകയേ വേണ്ടൂ. അങ്ങനെ എത്രയെത്ര ഫോൺ നമ്പറുകൾ വേണമെങ്കിലും ഒറ്റ നിമിഷത്തിനുള്ളിൽ പറഞ്ഞ് തരും. 400 ഫോൺ നമ്പർ ഇപ്പോൾ ഇദ്ദേഹത്തിന് മനഃപാഠമാണ്. പറഞ്ഞ് വരുന്നത് 'നാലായിരം' എന്ന പേരുകാരനായ ഏലപ്പാറ സ്വദേശിയെക്കുറിച്ചാണ്. നാലായിരം എന്ന പേരോ അതേ. തിരുനെൽവേലി ഇരുക്കൻ ദുരൈയിലുള്ള നാലായിരം അമ്മൻ കോവിൽ എന്ന ക്ഷേത്രത്തിലെ ഭക്തരായ മാതാപിതാക്കൾ തങ്ങളുടെ മൂത്തമകന് നാലായിരം എന്ന പേര് ഇട്ടതാണ്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്ന് 1958ൽ ഇടുക്കി ഏലപ്പാറയിലേക്ക് കുടിയേറിയ പരേതനായ മാണിക്യത്തിന്റെയും ശിവകാമിയുടെയും മൂത്ത മകനാണ് നാലായിരം. ഏലപ്പാറ ടൈഫോർഡ് ടീ എസ്റ്റേറ്റിൽ നിന്ന് വിരമിച്ച് ഇപ്പോൾ താത്കാലിക തോട്ടം തൊഴിലാളിയായി ജോലി ചെയ്യുകയാണ് പിതാവിന്റെ ഫോൺ നമ്പർ ഓർമ്മിച്ചു വയ്ക്കുള്ള കഴിവ് മനസ്സിലാക്കി മക്കളായ മുരുകനും മണികണ്ഠനുമാണ് ഇന്റർനെറ്റിൽ നിന്ന് പ്രമുഖ വ്യക്തികളുടെ ഫോൺ നമ്പർ എടുത്ത് നൽകുന്നത്. തുടർന്ന് ഇദ്ദേഹം ഫോൺ നമ്പറുകൾ മനഃപാഠമാക്കുകയായിരുന്നു. ആദ്യം പത്ത് ഫോൺ നമ്പരുകൾ ഓർത്തു വച്ചു. തുടർന്ന് ഇരുപത്, അൻപത്, നൂറ്, നൂറ്റി അൻപത്, ഇരുനൂറ് ഇപ്പോൾ 400 ഫോൺ നമ്പരുകൾ കാണാതെ അറിയാം. വിവിധ ആശുപത്രികൾ, ഡോക്ടർമാർ, പൊലീസ് സ്റ്റേഷനുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങി സുഹൃത്തുക്കളുടെയടക്കം ഫോൺ നമ്പരുകൾ മനസിൽ ഭദ്രം. തന്റെ പേരു പോലെ നാലായിരം ഫോൺ നമ്പർ കാണാപ്പാഠമാക്കണമെന്നാണ് നാലായിരത്തിന്റെ ആഗ്രഹം. നാലായിരത്തിന്റെ മറ്റൊരു ഹോബി കാൽനടയായി യാത്ര ചെയ്യുന്നതാണ്. കട്ടപ്പനയ്ക്കും കുമളിയ്ക്കും മാത്രമല്ല കോട്ടയത്തേക്കും രാവിലെ കാൽനടയായി യാത്ര പുറപ്പെട്ട് സിനിമയും കണ്ടു രാത്രിയിൽ വീട്ടിലേക്ക് മടങ്ങിയെത്തുന്ന ചില കുസൃതികളും കൈമുതലായുണ്ട്. തോട്ടം തൊഴിലാളിയായ ലക്ഷ്മിയാണ് ഭാര്യ.