നവംബർ 1 ന് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തും
തൊടുപുഴ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിൽ മിടുക്കിയാകാൻ ഒരുങ്ങുകയാണ് ജില്ല. തദ്ദേശ സ്ഥാപനങ്ങൾ , സാക്ഷരതാ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും 2 നഗരസഭകളിലും പദ്ധതി നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട് . 14 മുതൽ 65 വയസ്സുവരെയുള്ളവരെ ഡിജിറ്റൽ സാക്ഷരരാക്കുകയാണ് ലക്ഷ്യം.
വീടുകൾതോറുമുള്ള സർവ്വേ പൂർത്തീകരിച്ചു. മൊബൈൽആപ്ലിക്കേഷനും വെബ് പോർട്ടലും വഴിയാണ് രജിസ്‌ട്രേഷൻ നടത്തുക. സർവ്വേ പൂർത്തിയായാൽ ഓരോ വാർഡിലേയും 20 വീതം പഠിതാക്കളെ ഓരോ സംഘങ്ങളായി തിരിച്ച് ഓരോ വോളണ്ടിയറെ വീതം പഠിപ്പിക്കാൻ ചുമതല നൽകും.വീടുകൾ ,ലൈബ്രറികൾ, കമ്മ്യൂണിറ്റിസെന്ററുകൾ, തൊഴിലുറപ്പിടങ്ങൾ എന്നിവ പഠന കേന്ദ്രങ്ങളാകും. മൂല്യ നിർണ്ണയത്തിനായി ഓരോ പഠിതാവിന്റെയും പഠന പുരോഗതി വിലയിരുത്താൻ ഡിജിറ്റൽ പ്രോഗ്രസ്‌കാർഡ് സംവിധാനം മൊബൈൽആപ്ലിക്കേഷൻ വഴി നൽകും. പഠനം വിജയകരമായി പൂർത്തീകരിക്കുന്ന പഠിതാക്കൾക്ക്ഡിജിറ്റൽ സാക്ഷരതാ സാക്ഷ്യപത്രം നൽകും. നവംബർ 1 ന് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തും. സാക്ഷരതാമിഷൻ പ്രേരകുമാർ പദ്ധതിയുടെ പഞ്ചായത്ത് കോർഡിനേറ്റർമാരായി പ്രവർത്തിക്കും. തുല്യതാ പഠിതാക്കളും ഇൻസ്ട്രക്ടർമാരും വോളണ്ടിയർമാരായി പ്രവർത്തിക്കും. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ വർഷം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാ പൗരൻമാർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തി രാജ്യത്തെ ആദ്യഡിജിറ്റൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകഎന്ന ലക്ഷ്യത്തോടെ കേരളസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ഡിജി കേരളം.