ഇടുക്കി: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ,വിവാഹബന്ധം വേർപ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ 20 വരെ സ്വീകരിക്കും. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപ ലഭിക്കും. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ ഉള്ള വിടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
അപേക്ഷാ ഫാറം , ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം 1200 സ്‌ക്വയർ ഫീറ്റിൽ കുറവാണ് എന്ന് വില്ലേജ് ആഫീസർ,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ/ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം . അപേക്ഷ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ. ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, സിവിൽ സ്റ്റേഷൻ , കുയിലിമല , പൈനാവ് , ഇടുക്കി എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ നൽകാം. അപേക്ഷാ ഫാറം www. minoritywelfare.kerala.gov.in ൽ ലഭിക്കും.