manappady

 മഴക്കാലത്ത് അപകടഭീഷണിയായി ജില്ലയിലെ ചപ്പാത്തുകൾ

തൊടുപുഴ: പുഴകൾക്കും തോടുകൾക്കും കുറുകെയുള്ള ചെറുപാലങ്ങളായ ചപ്പാത്തുകൾ നമ്മുടെ ജില്ലയിൽ സർവസാധാരണമാണ്. എന്നാൽ മഴക്കാലത്ത് ഈ ചപ്പാത്തുകൾ വെള്ളത്തിലാകുന്നതോടെ വിവിധ ഗ്രാമങ്ങൾ പോലും ഒറ്റപ്പെടുന്ന സ്ഥിതിയാണ്. ആവശ്യത്തിന് വീതിയും കൈവരിയും ഇല്ലാത്ത ചപ്പാത്തുകളിൽ നിന്ന് വാഹനങ്ങളും കാൽനട യാത്രക്കാരും താഴേക്ക് പതിച്ചുള്ള അപകടങ്ങളും പതിവാണ്. ചെറുതും വലുതുമായുള്ള ഒട്ടനവധി പുഴകളും തോടുകളുമാണ് മലയോര ജില്ലയായ ഇടുക്കിയിലുള്ളത്. വർഷകാലത്തും വേനലിലുമുൾപ്പെടെ ഇവയ്ക്ക് കുറുയെയുള്ള പാലങ്ങൾ കടന്ന് വേണം ജനങ്ങൾക്ക് വീടുകളിലെത്താൻ. ഇവയിൽ പലതും ബലവത്താണെങ്കിലും ചപ്പാത്തുകൾ എന്ന പേരിലറിയപ്പെടുന്ന പാലങ്ങൾ അക്ഷരാർത്ഥത്തിൽ അപകടക്കെണികളാണ്. ആവശ്യത്തിന് വീതിയോ കൈവരിയോ ഇല്ലാത്ത നിരവധി ചപ്പാത്തുകൾ ഇടുക്കിയിലെ ഓരോ ഗ്രാമങ്ങളിലുമുണ്ട്. ചെറിയ വാഹനങ്ങൾ കൂടാതെ ബസും ലോറിയും വരെ കടന്ന് പോകുന്ന ചപ്പാത്തുകളുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ചെറുതും വലുതുമായ ഇത്തരം ചപ്പാത്ത് പാലങ്ങളിൽ അപകടങ്ങളും പതിവാണ്.

വേനൽ മഴയിൽ പോലും മിക്ക ചപ്പാത്തുകളും നിറഞ്ഞൊഴുകുന്ന സ്ഥിതിയുണ്ട്. ഇതോടെ ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ജനങ്ങൾ യാത്രാ ദുരിതത്തിലാകുകയാണ് പതിവ്. ഭൂരിഭാഗം ചപ്പാത്തുകൾക്കും കൈവരികളില്ല. ഉള്ളവയ്ക്കാണെങ്കിൽ സംരക്ഷ വേലി തകർന്ന അവസ്ഥയിലുമാണ്.

=വെള്ളത്തിന്റെ കുത്തൊഴുക്കും കാലപ്പഴക്കവും മൂലം പല ചപ്പാത്തുകളുടെയും സംരക്ഷണ ഭിത്തിയും അടിത്തറയും തകർന്ന് ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്.

=ചപ്പാത്തുകൾ ഉയർത്തി വീതി കൂട്ടി പാലങ്ങൾ പണിത് സുരക്ഷിത യാത്ര ഒരുക്കണമെന്നാണ് പൊതു ആവശ്യം.