തൊടുപുഴ: വയനാടിലെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആക്രി ചലഞ്ച് നടത്താൻ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) തൊടുപുഴ യൂണിറ്റ് കൺവെൻഷൻ തീരുമാനിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി മുഴുവൻ ജീവനക്കാരുടെയും വീടുകളിലെത്തി ആക്രി ശേഖരിക്കും. തൊടുപുഴയിൽ 24 കോടി രൂപ മുടക്കി പണിത കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ചോർന്ന് ഒലിക്കുന്നത് പരിഹരിക്കുക,​ മൂത്രപുരയിലെ മലിനജലം ഗാരേജിൽ വീഴുന്നത് തടയുക, വനിതാ ജീവനക്കാർക്ക് വിശ്രമമുറി ലഭ്യമാക്കുക എന്നിവയും യൂണിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൺവൻഷൻ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി ആർ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജിമോൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം തൊടുപുഴ ഏരിയാ സെക്രട്ടറി ടി.ആർ. സോമൻ,​ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി സി.ആർ. മുരളി, കെ.എസ്.ആർ.ടി.ഇ.എ ജില്ലാ പ്രസിഡന്റ് കെ.ഐ. സലിം,​ ജില്ലാ ട്രഷറർ പി.കെ. ഷെഫീക്ക് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അജിഷ് ആർ. പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. അജികുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.ഐ. അഫ്സൽ നന്ദിയും പറഞ്ഞു.