പീരുമേട് : പൂച്ച ചത്തു കിടന്നതറിയാതെ ആ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് വില്പന നടത്തിയെന്ന് കരുതുന്ന വണ്ടിപ്പെരിയാർ ടൗണിലെ 5 വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി. ടൗണിലെ സെൻട്രൽ ജംഗ്ഷനിൽ പഞ്ചായത്ത് വക കിണറ്റിൽ നിന്നും ജലം എടുത്തവർക്കാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെ കൂടിയാണ് ഒരാഴ്ച പഴക്കമുള്ള ചത്ത പൂച്ചയെ കിണറ്റിൽ നിന്നും ചുമട്ടുതൊഴിലാളികൾ കണ്ടെത്തുന്നത്. ദുർഗന്ധം വമിച്ചത് അന്വേഷിപ്പോഴാണ് പൂച്ചയും കുഞ്ഞും കിണറ്റിനുള്ളിൽ ചത്തു കിടന്നനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ ചത്ത പൂച്ചയെ വെള്ളത്തിൽ നിന്നും വെളിയിൽ എടുത്ത് കിണർ വൃത്തിയാക്കി. തുടർന്ന് സംഭവം അറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതരും, ആരോഗ്യവിഭാഗം ജീവനക്കാരും ഈ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുകയും വിൽപ്പന നടത്തിയതായി കരുതുന്ന കിണറിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ഉൾപ്പെട്ട ചെറുകിട ചായക്കടകൾ അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. കിണർ വൃത്തിയാക്കാൻ നടപടി സ്വീകരിച്ചു. മുൻകരുതൽ എന്ന നിലയിൽ കടകൾ അടപ്പിപ്പിച്ചു. ഈ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ച മുഴുവൻ ആളുകളും വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തണമെന്നും എലിപ്പനിക്കെതിരായ മരുന്നുകൾ കഴിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.