പീരുമേട്:ദേശീയപാതയിൽ ഒരു വശത്തെ സംരക്ഷണഭിത്തി തകർന്നിട്ട് ഒരു മാസമായിട്ടും പുനർ നിർമ്മാണമായില്ല.
കൊട്ടാരക്കര -ഡിണ്ടിഗൽ ദേശീയ പാത183 ൽ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം റോഡിന്റെ വശത്തെ സംരക്ഷണഭിത്തി തകർന്നു 400 ഓളം മീറ്റർ ദൂരത്തിൽ മണ്ണ് ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരുന്നു. സമീപത്തെ കൃഷി ഉൾപ്പടെ നശിച്ചു പോയി.
റോഡിന്റെ വശം തകർന്നിട്ടും ദേശീയ പാത അധികൃതർ കണ്ടമട്ടു നടിക്കുന്നില്ല.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിലേക്കും രാപ്പകലില്ലാതെ ചെറുതും വലുതുമായ വാഹനങ്ങൾ , ചരക്ക് ലോറികൾ, നൂറുകണക്കിന് സർവീസ് ബസുകളം ഗതാഗതം നടത്തുന്ന ദേശിയപാതയിൽ ഈ ഭാഗത്ത് യാത്ര തടസ്സം നേരിടുന്നു.
ഇപ്പോൾവാഹനങ്ങൾ ഒരുവശം ചേർന്ന് കഷ്ടിച്ചാണ് ഇവിടെ കടന്നുപോകുന്നത്. വൺവേയായിട്ടാണ് നിയന്ത്രണ വിധേയമായി വാഹനങ്ങൾ സഞ്ചരിക്കുന്നത്. നിരന്തരമായി പെയ്യുന്ന മഴയും കോടമഞ്ഞും, റോഡ് പരിചയമില്ലായ്മയും ഡ്രൈവർമാർഅപകടത്തിൽ പെടാനിടയാകുന്നു.അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലധികവും.
ഏതാനും മാസത്തിന് മുൻപ് പെയ്ത ശക്തമായ മഴയിൽ മത്തായി കൊക്കയിൽ റോഡിന്റെ മുകളിൽ നിന്ന് കല്ലും, വൻപാറയും ഉരുണ്ടുവീണു റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു. തുടർന്ന് പീരുമേട് പഞ്ചായത്ത് നോപാർക്കിങ് ബോർഡ് സ്ഥാപിച്ചു. ഈ പ്രദേശം അപകടഭീക്ഷണി ഉയർത്തുന്ന പ്രദേശമാണ് എന്ന സൂചന ബോർഡും സ്ഥാപിച്ചു.
ദേശീയപാതയിൽ മണ്ണിടിച്ചിൽ: ആശങ്ക ഒഴിയുന്നില്ല
മൂന്നാർ: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായ ദേവികുളം സർക്കാർ എൽ പി സ്‌കൂളിന് സമീപം താമസിക്കുന്ന കുടുംബങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. പാതയോരത്തു നിന്നിരുന്ന മരങ്ങളടക്കം മണ്ണിടിച്ചിലിൽ നിലം പതിച്ചിരുന്നു. മഴ കനക്കുതോടെ ഈ ഭാഗത്ത് കൂടുതൽ മണ്ണിടിഞ്ഞാൽ തങ്ങളുടെ വീടുകളും അപകടത്തിൽ ആകുമോയെന്നാണ് കുടുംബങ്ങളുടെ ആശങ്ക. റോഡിന് മുകൾ ഭാഗത്തുള്ള മൺതിട്ട ഇടിച്ചിൽ സ്വഭാവമുള്ളതാണെന്ന് പ്രദേശവാസികൾ പറയുന്നു. ദേശിയപാത നവീകരണത്തിന് ശേഷം പലയിടങ്ങളിലും സമാന രീതിയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്. കനത്ത മഴ പെയ്യുന്ന രാത്രികാലങ്ങളിൽ ഉൾ ഭയത്തോടെയാണ് കുടുംബങ്ങൾ ഓരോ ദിവസവും കഴിയുന്നത്.