മുട്ടം: കൈയിൽ കത്തിയും കഴുത്തിൽ കയറുമിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷിച്ചു. കഞ്ഞിക്കുഴി പുന്നയാർ ശൗര്യാംകുന്നേൽ വീട്ടിൽ അമൽ മാത്യുവിനെയാണ് (35) തൊടുപുഴ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മുട്ടം തയ്യക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ സ്റ്റേജിലായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇയാൾ കഴുത്തിൽ കുരുക്കിട്ട് കത്തിയുമായി നിൽക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിച്ചു. സ്റ്റേജിന് മുന്നിൽ ഇരുമ്പ് ഗ്രിൽ ഉണ്ടായിരുന്നു. അതിനാൽ അവിടേക്ക് പ്രവേശിക്കാൻ പൊലീസിനും ഫയർഫോഴ്സിനും സാധിച്ചില്ല. മുട്ടം പൊലീസും തൊടുപുഴ ഫയർഫോഴ്സും നാട്ടുകാരും രണ്ടര മണിക്കൂറോളം നേരം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അമൽ വഴങ്ങിയില്ല. ഇതിനിടെ ഇയാൾ കത്തി ഉപയോഗിച്ച് നിരന്തരം കഴുത്ത് മുറിച്ചു കൊണ്ടിരുന്നതിനാൽ രക്തം വാർന്ന് പോയിക്കൊണ്ടിരുന്നു. രക്തം വാർന്ന് തളർന്ന് വീഴുമെന്ന ഘട്ടം എത്തിയതോടെ ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജാഫർഖാൻ കെട്ടിടത്തിന്റെ പിൻവശത്ത് കൂടി കയറി കഴുത്തിൽ കുരുക്ക് ഇട്ടിരുന്ന കയർ അറുത്ത് മാറ്റി. ഇത് കണ്ട അമൽ വെപ്രാളത്തിൽ തളർന്ന് താഴെ വീണു. നാട്ടുകാരും പൊലീസും ചേർന്ന് ഗ്രില്ല് തകർത്ത് അകത്ത് കയറി ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. വിവിധ കേസുകളിൽ പ്രതിയാണ് ഇയാളെന്നും ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ലെന്നും മുട്ടം പൊലീസ് പറഞ്ഞു.