തൊടുപുഴ: കൃഷി വകുപ്പിൽ പൊതുസ്ഥലംമാറ്റം നടത്താതെ അനധികൃതമായി ഇഷ്ടക്കാർക്ക് മാത്രം സ്ഥലംമാറ്റം നൽകുന്നതിനെതിരെ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ പ്രതിഷേധിച്ചു. ഏപ്രിൽ 30ന് മുമ്പ് പൊതുസ്ഥലംമാറ്റം നടത്തണമെന്ന് നിയമമുണ്ട്. എന്നാൽ പൊതുസ്ഥലംമാറ്റം അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ്. പകരം അനുകമ്പാർഹമായ സ്ഥലംമാറ്റത്തിന്റെ പേരിലാണ് ഇഷ്ടക്കാരെ മാത്രമായി മാറ്റുന്നത്. അനുകമ്പാർഹമായ സ്ഥലം മാറ്റത്തിന് വിശദമായ മാനദണ്ഡങ്ങൾ 2017ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിഗണിക്കുമ്പോൾ ജീവനക്കാരുടെ അപേക്ഷയും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച് ഡയറക്ടർ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് സ്ഥലമാറ്റം നടത്തുന്നത്. അനേക കൃഷിഭവനുകളിൽ വിരമിക്കൽ മൂലം ഉണ്ടായിട്ടുള്ള ഒഴിവുകളിലേക്കാണ് ഇത്തരത്തിൽ നിയമനം നൽകുന്നത്. എല്ലാ വർഷവും സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഏപ്രിൽ മാസത്തിൽ തന്നെ പൊതു സ്ഥലംമാറ്റം പൂർത്തിയാക്കണമെന്നാണ് ചട്ടം. പല ജീവനക്കാരും മക്കളെ സ്‌കൂളുകളിൽ ചേർക്കുകയും ചെയ്തു. ഇനി പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ സ്വാഭാവികമായും കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ ജീവനക്കാർ പ്രശ്നം അനുഭവിക്കേണ്ട സാഹചര്യമുണ്ടാകും. ഇത്തരത്തിലുള്ള ചട്ടങ്ങൾ ലംഘിച്ചുള്ള സ്ഥലംമാറ്റത്തിനെതിരെ അസോസിയേഷൻ പ്രതിഷേധിച്ചു. പ്രസിഡന്റ് പി.എം. നിഷാദ്,​ ജനറൽ സെക്രട്ടറി വി.എം. സിദ്ധിക്ക്​ എന്നിവർ സംസാരിച്ചു.