തൊടുപുഴ: നഗരസഭയിൽ കേവല ഭൂരിപക്ഷം നേടിയതോടെ യു.ഡി.എഫിനുള്ളിൽ ചെയർമാൻ സ്ഥാനം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചു. കോൺഗ്രസും മുസ്ലീംലീഗും കേരളകോൺഗ്രസും അവകാശവാദവുമായി രംഗത്തുണ്ട്. കോൺഗ്രസിൽ നിന്ന് കെ. ദീപക്കും മുസ്ലീംലീഗിൽ നിന്ന് എം.എ. കരീമുമാണ് പരിഗണനയിലുള്ളത്. ജോസഫ് ജോണിനെ പരിഗണിക്കണമെന്ന് കേരളകോൺഗ്രസിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. ഇനി ഒരു വർഷവും നാല് മാസവും മാത്രമാണ് ഭരണകാലാവധി അവശേഷിക്കുന്നത്. മുന്നണി ധാരണപ്രകാരം പാർട്ടികൾക്ക് കാലാവധി വീതം വച്ചു നൽകാനാണ് സാദ്ധ്യത. തൊടുപുഴയിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റി ഇന്ന് ചേരുന്നുണ്ടെങ്കിലും ഈ വിഷയം ചർച്ച ചെയ്യില്ല. അടുത്ത ദിവസം തന്നെ കോൺഗ്രസ്, കേരളകോൺഗ്രസ്, ലീഗ് പാർട്ടികളുടെ മാത്രം സംയുക്ത യോഗം ചേരും. ഇതിൽ ഏത് പാർട്ടിക്ക് ആദ്യ ടേം ചെയർമാൻഷിപ്പ് നൽകണമെന്ന് സംബന്ധിച്ച് ധാരണയാകും. ഇതിന് ശേഷം അതത് പാർട്ടികൾ യോഗം ചേർന്ന് ആരാകണം തങ്ങളുടെ ചെയർമാനെന്ന് തീരുമാനിക്കും. ചെയർമാൻ രാജിവച്ച നാൾ മുതൽ 21 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് നിയമം. നഗരസഭാ ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് 35 അംഗ കൗൺസിലിൽ യു.ഡി.എഫിന്റെ അംഗബലം 13 ആയി ഉയർന്നത്. ഇതിൽ കോൺഗ്രസിനും മുസ്ലീം ലീഗിനും ആറ് അംഗങ്ങൾ വീതവും കേരളകോൺഗ്രസിന് ഒരു അംഗവുമാണുള്ളത്.
നേരത്തെ എൽ.ഡി.എഫ്- 15, യു.ഡി.എഫ്- 12, ബി.ജെ.പി- എട്ട് എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. എന്നാൽ എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന 11ാം വാർഡ് കൗൺസിൽ മാത്യു ജോസഫിനെയും ഒമ്പതാം വാർഡ് കൗൺസിലറായിരുന്ന ജെസി ജോണിയെയും ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെ രണ്ടു സീറ്റുകൾ കുറഞ്ഞ് എൽ.ഡി.എഫും 13 എന്ന നിലയിലെത്തി. എൽ.ഡി.എഫ് പിന്തുണയോടെ ചെയർമാനായ സനീഷ് ജോർജ് കൈക്കൂലിക്കേസിൽ അകപ്പെട്ട് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് സനീഷ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ അങ്ങനെ വന്നാൽ യു.ഡി.എഫിന് മൂന്നര വർഷത്തിന് ശേഷം ഭരണം ലഭിക്കും. ചെയർമാൻ തിരഞ്ഞെടുപ്പിൽ സനീഷ് ജോർജ് എൽ.ഡി.എഫിനൊപ്പം തന്നെ നിന്നാൽ നറുക്കെടുപ്പു വേണ്ടി വരും.
കോൺഗ്രസിൽ
പോസ്റ്റർ വിവാദം
നഗരസഭയിലെ ഒമ്പതാം വാർഡിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിൽ പോസ്റ്റർ വിവാദം. റോയ് കെ. പൗലോസ്, ജാഫർഖാൻ മുഹമ്മദ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ ദൃശ്യമായി. എൽ.ഡി.എഫിനും ബി.ജെ.പിയ്ക്കും വോട്ട് കൂടാൻ സഹായിച്ചത് ഇവരാണെന്നാണ് ആരോപണം. എന്നാൽ ഇതാരാണ് പതിച്ചതെന്ന് സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം
തിരഞ്ഞെടുപ്പിൽ തന്റെയും യു.ഡി.ഫിന്റെയും പരാജയം ആഗ്രഹിച്ച ചിലരാണ് രാത്രിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ അപവാദ പോസ്റ്ററുകൾ പ്രചരിപ്പിച്ചതെന്ന് ഒമ്പതാം വാർഡിൽ മത്സരിച്ച് ജയിച്ച ജോർജ് ജോൺ പറഞ്ഞു. യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കുന്നതിന് രാപ്പകൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തന്നോടൊപ്പം ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളപ്രചാരണം നടത്തിയ ഇരുട്ടിന്റെ സന്തതികൾക്ക് യു.ഡി.എഫുമായോ കോൺഗ്രസുമയോ യാതൊരു ബന്ധവും ഇല്ല. അത്തരക്കാർ തന്റെ പരാജയം ആഗ്രഹിച്ചവർക്ക് ഒപ്പം നിൽക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.