വണ്ണപ്പുറം: മുള്ളരിങ്ങാട് അമായൽതൊട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു. മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളിയ്ക്ക് സമീപത്തായാണ് പാലം സ്ഥിതി ചെയ്യുന്നത്. മുള്ളരിങ്ങാട് നിന്ന് നിത്യേന നിരവധി പേർ ഈ പാലം കടന്നാണ് അമയൽതൊട്ടി ഭാഗത്തേയ്ക്ക് പോകുന്നത്. പാലത്തിലൂടെ ഭാരവാഹനങ്ങൾ അല്ലാത്തവ കടന്ന് പോയിരുന്നു. ഇന്നലെ വൈകിട്ടാണ് പാലത്തോട് ചേർന്ന സംരക്ഷഭിത്തിയുൾപ്പെടെയുള്ള പുഴയോരം ഇടിഞ്ഞത്. തുടർന്ന് വാഹനങ്ങൾ പോലും കടന്ന് പോകുന്നത് അപകട ഭീഷണിയിലായി. ഇടിഞ്ഞ ഭാഗത്തിന്റെ മറുഭാഗത്ത് കൂടിയാണ് ആളുകൾ കാൽനടയായി പോകുന്നത്. സംരക്ഷണ ഭിത്തി പുനർനിർമ്മിച്ചില്ലെങ്കിൽ ബാക്കി ഭാഗം കൂടി ഇടിഞ്ഞ് പാലം പൂർണ്ണമായും തകരുമെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ പ്രദേശം പൂർണ്ണമായും ഒറ്റപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ.