ഇടുക്കി : വെള്ളത്തൂവൽ പഞ്ചായത്തിൽ 15ാം വാർഡിലെ ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നടപടികൾ ക്രമപ്രകാരം നിർവഹിക്കുന്നുണ്ടോ എന്ന് നേരിൽ പരിശോധിച്ച് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2022-23 സാമ്പത്തിക വർഷത്തിൽ 5,94,200 രുപയ്ക്ക് ടെണ്ടർ ചെയ്ത് ലേബർ കോൺട്രാക്ട് സൊസൈറ്റി വർക്ക് ഏറ്റെടുത്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പൈപ്പിന്റെയും മറ്റും പണി പൂർത്തിയാക്കി 3,50,712 രൂപയുടെ ചാർട്ട് ബിൽ മാറി. 2023-24 സാമ്പത്തിക വർഷത്തിൽ പദ്ധതി സ്പിൽ ഓവർ ആക്കി ഉൾപ്പെടുത്തി പണികൾ നടന്നുവരികയാണ്. ടാങ്ക് സ്ഥാപിച്ച് പൈപ്പ് കണക്ഷൻ നൽകാനുള്ള പണികളാണ് ബാക്കിയുള്ളത്.പരാതിക്കാരായ കല്ലാർക്കുഴി സ്വദേശികളായ ഷീജ സന്തോഷ്, റീന, സാബു, മണവാളൻ എന്നിവർക്കും കൂടി കണക്ഷൻ നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.