vellakettu

കട്ടപ്പന :അടിമാലി -കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന വെള്ളയാംകുടി റോഡിൽ യാത്ര ചെയ്യണമെങ്കിൽ രണ്ട് വട്ടം ആലോചിക്കണം. കട്ടപ്പനയിൽ മഴ കുറവാണെങ്കിലും വെള്ളയാംകുടി റോഡിൽ വെള്ളകേട്ടിന് കുറവില്ല. പാതയോരത്തെ ശക്തമായ ഉറവച്ചാലുകളാണ് വെള്ളക്കെട്ടിന് കാരണം . കല്ലുകുന്ന് മേഖലയുടെ താഴെ ഭാഗത്തുകൂടി കടന്നു പോകുന്ന പാതക്ക് സമീപം ശക്തമായ നിരവധി ഉറവകളാണ് ഉണ്ടായിരിക്കുന്നത്.ഈ വെള്ളമെല്ലാം റോഡിലേക്കാണ് ഒഴുകിയെത്തുന്നതും . ഇതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിലെ വെള്ളം ഇരുവശങ്ങളിലേക്കും വലിയതോതിൽ തെറിച്ചു വീഴും. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കാൽനട യാത്രക്കാർക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കാത്ത വിധമാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. വിവിധ ഓഫീസുകളിലേക്കും മറ്റും പോകേണ്ട ആളുകളും വിദ്യാർത്ഥികളും കടന്നു പോകുമ്പോൾ അവരുടെ ദേഹത്തേക്ക് ചെളി വെള്ളം തെറിക്കുന്നതും പതിവാണ്. കൂടാതെ വെള്ളക്കെട്ടിൽ ചാടാതെ വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് നിരന്തരമായി അപകടങ്ങൾക്കും കാരണമാകുന്നു. തുടർച്ചയായി ഉറവവെള്ളം ഒഴുകുന്നത് മൂലം റോഡിന്റെ തകർച്ചക്കും കാരണമായിട്ടുണ്ട്. ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ച റോഡിൽ ഇതോടെ നിരവധി ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. പാതയിൽ ഓട നിർമ്മിച്ചിരുന്നുവെങ്കിലും അശസ്ത്രീയമായ നിർമ്മാണമാണ് നടത്തിയത്. വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ഓടകളെല്ലാം അടഞ്ഞതോടെ റോഡിൽ കൂടിയാണ് ഉറവ വെള്ളത്തിനൊപ്പം മഴവെള്ളവും ഒഴുകുന്നത്. നിരവധി പരാതികൾ ഉയർന്നെങ്കിലും ദേശീയപാത അതോറിറ്റി പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.