അടിമാലി: ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇഞ്ചിവില കൂടി. രണ്ടു വർഷം മുമ്പ് കിലോക്ക് 128 രൂപ ലഭിച്ചിരുന്ന ഗുണമേന്മയേറിയ നാടൻ ഇഞ്ചിയുടെ വില 140 രൂപയായും 150 രൂപ ലഭിച്ചിരുന്ന ചുക്കിന്റെ വില 370 രൂപയായും ഉയർന്നു. ഹൈറേഞ്ചിലെ കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നാടൻ ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെട്ടതാണ് വില കൂടാൻ കാരണം.കഴിഞ്ഞ കുറെ വർഷങ്ങൾക്കൊണ്ട് ഹൈറേഞ്ചിൽ തന്നാണ്ട് കൃഷിയിറക്കുന്ന കർഷകരുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്.അത്തരത്തിൽ ഉത്പാദനത്തിൽ വലിയ കുറവ് വന്നിട്ടുള്ള കാർഷികോത്പന്നങ്ങളിൽ ഒന്നാണ് ഇഞ്ചി. ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ മുമ്പ് വൻതോതിൽ ഇഞ്ചിയും ചുക്കും എത്തിയിരുന്നു. ഇപ്പോൾ പേരിനു മാത്രമേ ഇഞ്ചി എത്തുന്നുള്ളു. ഇടക്കാലത്ത് ഏലം വില ഉയർന്നതോടെ പലരും ഇഞ്ചി കണ്ടങ്ങൾ ഉഴുതുമറിച്ച് ഏല തട്ടകൾ നട്ടു. രണ്ടു വർഷം മുമ്പ് ഇഞ്ചി വില 128രൂപ ആയതോടെ ഉത്പാദന ചെലവ് പോലും താങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കർഷകർ. ഇഞ്ചി കൃഷിക്ക് നടീൽ മുതൽ വിളവെടുപ്പ് വരെ മികച്ച പരിപാലനവും വളപ്രയോഗവും വേണം. പരിപാലന ചിലവ്വ് കൂടിയതോടെ കർഷകർ പലരും കൃഷിയിൽ നിന്നും പിൻവാങ്ങി.കാലാവസ്ഥാ വ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവ വളങ്ങളുടെ വിലവർദ്ധനവും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഈ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് പതിവായി ഇഞ്ചി കൃഷി ചെയ്തിരുന്ന കർഷകർ വില തകർച്ചയിൽ കടക്കെണിയിലുമായി. മുമ്പ് വൻതോതിൽ ഇഞ്ചി കൃഷി ചെയ്തിരുന്നവരിൽ പലരും ഇപ്പോൾ മറ്റു കൃഷികൾക്കൊപ്പം പേരിനു മാത്രമേ ഇഞ്ചി ഉത്പാദിപ്പിക്കുന്നുള്ളൂ.