തൊടുപുഴ: കർക്കടവാവ് ബലിതർപ്പണത്തിന് ജില്ലയിലെ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും അനുഭവപ്പെട്ടത് വൻ തിരക്ക്. ജനസഹസ്രങ്ങളാണ് ഇന്നലെ പുലർച്ചെ മുതൽ പിതൃപുണ്യം തേടി ബലിതർപ്പണം നടത്തിയത്. എള്ളും പൂവും ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ നറുക്കിലയിൽ പിതൃക്കൾക്ക് നേദിച്ച് പ്രണാമമർപ്പിച്ച് വിശ്വാസികൾ ജലാശയങ്ങളിൽ മുങ്ങി നിവർന്നു. തുടർന്ന് ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഭക്തജനങ്ങൾ മടങ്ങിയത്. പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടത്. ലോറേഞ്ചിലെയും ഹൈറേഞ്ചിലെയും വിവിധ ക്ഷേത്രങ്ങളിൽ ബലി തർപ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. പല ക്ഷേത്രങ്ങളിലും കർകടകവാവിനോടനുബന്ധിച്ച് പ്രത്യേക പൂജകളുമുണ്ടായിരുന്നു.

വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. പിതൃനമസ്‌കാരം, തിലഹവനം, നെയ്‌വിളക്ക് സമർപ്പണം, മറ്റ് വഴിപാടുകൾ എന്നിവ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തിൽ ഭക്തർക്ക് പിതൃശാന്തിക്കും പിതൃദോഷപരിഹാരങ്ങൾക്കുമായി വഴിപാടുകൾ നടത്തുന്നതിന് ക്ഷേത്രമുറ്റത്ത് കൂടുതൽ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. ബലിതർപ്പണത്തിനായി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും ഏർപ്പാട് ചെയ്തിരുന്നു.

അരിക്കുഴ എസ്.എൻ.ഡി.പി ശാഖാങ്കണത്തിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി രതീഷ് ശാന്തിയുടെ കാർമികത്വത്തിൽ രാവിലെ ആറ് മുതൽ ബലിതർപ്പണം നടന്ന. പിതൃനമസ്‌കാരം, അടച്ചുനമസ്‌കാരം തുടങ്ങിയ വഴിപാടുകളും ഉണ്ടായിരുന്നു.

പരിയാരം ശ്രീസുബ്രഹ്മണ്യ ഗുരുദേവക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തിയുടെയും ക്ഷേത്രം ശാന്തി ബിബിൻ ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്കൊപ്പം നമസ്‌കാരം, കൂട്ട നമസ്‌കാരം, തിലഹവനം, സായൂജ്യപൂജ എന്നീ വഴിപാടുകൾ ഉണ്ടായിരുന്നു.
ഇടുക്കി ശ്രീധർമ്മശാസ്താ ദേവി ഗുരുദേവ ക്ഷേത്രത്തിൽ പിതൃതർപ്പണ ചടങ്ങുകൾ മഹേന്ദ്രൻ ശാന്തികളുടെ നേതൃത്വത്തിൽ നടന്നു.
എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശാഖയുടെ കീഴിലുള്ള ശ്രീമഹാദേവർ ക്ഷേത്രത്തിൽ രാവിലെ ആറ് മുതൽ ബലിതർപ്പണവും പിതൃനമസ്‌കാരവും നടന്നു.
കൊച്ചറ കൈലാസഗിരി ശിവപാർവതി ക്ഷേത്രത്തിൽ ക്ഷേത്രം ശാന്തി അഭിനവ് ശാന്തിയുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു.
കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി മഹേഷ് മുഖ്യകാർമ്മികത്വം വഹിച്ചു. വിശേഷാൽ പൂജകൾ, പിതൃ നമസ്‌കാരം, തിലഹവനം തുടങ്ങിയ വഴിപാടുകൾ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

വണ്ണപ്പുറം കാഞ്ഞിരക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി എൻ. വി. സുധാകരൻ തന്ത്രി, മേൽശാന്തി ബാബു ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ബലിതർപ്പണത്തിന്‌ ശേഷം ഔഷധക്കഞ്ഞി വിതരണം ചെയ്തു.
കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് കോതമംഗലം ഇടപ്പിള്ളി ഇല്ലം എസ്. അനൂപ് മുഖ്യകാർമ്മികത്വം വഹിച്ചു.
തൊപ്പിപ്പാള എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ ക്ഷേത്രം തന്ത്രി ഷാജൻ ശാന്തികളുടെ കാർമ്മികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. തിലഹവനം, പിതൃനമസ്‌കാരം എന്നിവയും നടത്താൻ സൗകര്യമുണ്ടായിരുന്നു.
ഓലിക്കാമറ്റം ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മഹാദേവാനന്ദ സ്വാമികൾ (ശിവഗിരിമഠം) കാർമ്മികത്വം വഹിച്ചു.

വഴിത്തല എസ്.എൻ പുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി പ്രതീഷ് ശാന്തികളുടെ കാർമികത്വത്തിൽ ബലി തർപ്പണം ആരംഭിച്ചു.
കുറുമ്പാലമറ്റം എലമ്പിലാക്കാട് ദേവീക്ഷേത്രത്തിൽ വൈക്കം ഉണ്ണിശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പിതൃതർപ്പണം നടന്നു.
തൊമ്മൻകുത്ത് നാൽപ്പതേക്കർ ശാന്തിക്കാട് ദേവീ മഹാദേവ ക്ഷേത്രത്തിൽ ബലികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി മനോജ് മേലുകാവ്മറ്റം, മേൽശാന്തി സിസ്‌മോൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
തേർഡ്ക്യാമ്പ് മഹാദേവർ ക്ഷേത്രത്തിൽ തിലഹവനം, പിതൃനമസ്‌കാരം, പിതൃപൂജ, കൂട്ടനമസ്‌കാരം എന്നിവ നടന്നു. ഔഷധക്കഞ്ഞി വിതരണം ചെയ്തു.

കരിമണ്ണൂർ ഗുരുദേവ മന്ദിരത്തിൽ മേലുകാവ് ടിസ്‌മോൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. മുഴുവൻ ഭക്തർക്കും അന്നദാനവും നൽകി.