തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ അലംഭാവം കാണിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. 1964ലെയും 1993ലെയും ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തു പട്ടയഭൂമി സ്വതന്ത്രമായി ഉപയോഗിക്കാൻ അനുവദിക്കുന്നതുവരെ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളും നിർമ്മാണ നിരോധനവും തുടരുന്ന അവസ്ഥയാണ്. നിയമസഭ പാസാക്കിയ ഭൂമിപതിവ് നിയമ ഭേദഗതി ജില്ലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല. നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയിട്ടുള്ള നിർമാണങ്ങൾ ക്രമവത്കരിക്കാൻ മാത്രമാണ് പ്രധാനമായും നിയമഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ഇക്കാര്യത്തിൽ പോലും ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ ഇനിയും തയ്യാറായിട്ടില്ല. പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നിർമ്മാണ അനുമതി നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിയാത്ത വകുപ്പുകളാണ് ഭേദഗതി നിയമത്തിൽ ഉള്ളത്. 1964ലെയും 1993ലെയും ചട്ടങ്ങളിൽ ഭൂമി കൃഷിക്കും വാസഗൃഹ നിർമ്മാണത്തിനും മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്ന് എന്ന നിയമം ഭേദഗതിക്ക് ശേഷവും നിലനിൽക്കുകയാണ്. ഈ ചട്ടത്തിന് വിരുദ്ധമായി നിർമ്മാണ അനുമതി നൽകാൻ കഴിയാതെ വരും. ചട്ടങ്ങൾക്ക് വിരുദ്ധമായി നിർമ്മാണം അനുവദിക്കണമെങ്കിൽ ജില്ലാ കളക്ടർ എന്തുകൊണ്ട് അനുമതി നൽകി എന്നത് ഉത്തരവിൽ വിവരിക്കണമെന്ന വ്യവസ്ഥ പുതിയ നിയമ ഭേദഗതിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇത് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കും. ഇത് വരെ തദ്ദേശസ്ഥാപനങ്ങൾ നൽകിയിരുന്ന നിർമ്മാണ അനുമതി ഇനി റവന്യൂ വകുപ്പിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ നൽകാനാകൂ. ഇനിയും പട്ടയത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന അമ്പതിനായിരത്തോളം പേരുടെ ഭൂമിയ്ക്ക് പട്ടയം നൽകിയാലും കൃഷിക്കും വീട് വയ്ക്കാനും മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്നത് വളരെ ഗൗരവകരമാണ്. മുൻകാലങ്ങളിൽ നടന്നതുപോലെയുള്ള നിർമ്മാണങ്ങൾക്ക് തുടർന്ന് അനുമതി നൽകാൻ കഴിയാതെ വരും. സർക്കാർ നിർമ്മാണ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് ജില്ലയിൽ മാത്രമാണ് എന്നുള്ളത് തികഞ്ഞ വിവേചനമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ, ജില്ലാ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, ഇബ്രാഹിംകുട്ടി കല്ലാർ, റോയ് കെ. പൗലോസ്, ജോയ് തോമസ്, തോമസ് പെരുമന, കെ. സിയാദ്, എം.എസ്. മുഹമ്മദ്, എ.എം. ഹാരിദ്, ജോസഫ് ജോൺ, ജോസി ജേക്കബ്, എം.കെ. പുരുഷോത്തമൻ, എൻ.ഐ. ബെന്നി, കൃഷ്ണൻ കണിയാപുരം, സൈനുദ്ദീൻ, രാജു മുണ്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.