തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വർദ്ധിപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് പിൻവലിക്കുന്നതിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു. സാധാരണക്കാരായ പൊതുജനങ്ങളെ ഏറ്റവും കൂടുതൽ കഷ്ടപ്പെടുത്തിയ പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം)​ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. വർദ്ധിപ്പിച്ച സമയത്ത് നൽകിയ ഫീസ് തിരികെ കൊടുക്കാനുള്ള കാലതാമസം കൂടി ഒഴിവാക്കേണ്ടതുണ്ട്. ഭൂമിയുടെ താരിഫ് വില വർദ്ധിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസ് ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണം. വെള്ളിയാമറ്റം അടക്കമുള്ള വില്ലേജുകളിൽ ചില ബ്ലോക്കുകളിൽ ഉൾപ്പെട്ട ഭൂമിയ്ക്ക് കനത്ത താരിഫ് വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് മൂലം ഈ മേഖലയിലെ ഭൂമി കൈമാറ്റത്തിന് കനത്ത തുകയാണ് രജിസ്‌ട്രേഷൻ ഫീസിനത്തിൽ നൽകേണ്ടി വരുന്നത്. ഇത് അശാസ്ത്രീയവും വിവേചനപരവുമാണ്. അടിയന്തരമായി ഈ വിഷയത്തിൽ സർക്കാർ തലത്തിൽ പരിഹാരം കാണേണ്ടതുണ്ടെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടി മണ്ഡലം കൺവെൻഷനുകൾ 15ന് മുമ്പ് സംഘടിപ്പിക്കുന്നതിനും പോഷക സംഘടനകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും നിയോജകമണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗം പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോസ് പാലത്തിനാൽ, പ്രൊഫ. കെ.ഐ. ആന്റണി,​ ബേബി ഉഴുത്തുവാൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, രാരിച്ചൻ നീറനാക്കുന്നേൽ, മാത്യു വാരികാട്ട്, അഡ്വ. പി.കെ. മധു നമ്പൂതിരി, അംബികാ ഗോപാലകൃഷ്ണൻ, ജോമോൻ പൊടിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.