തൊടുപുഴ: സഹകരണ സംഘങ്ങൾ ഗ്രാമീണ മേഖലയിൽ ജീവിക്കുന്ന സാധാരണക്കാരന്റെ ആശാകേന്ദ്രങ്ങളായി മാറണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്രസഭ ലോകമെമ്പാടും സുസ്ഥിരവികസനം കാർഷിക സംരക്ഷണം എന്നിവ ഉറപ്പുവരുത്തുക എന്നീ അതിപ്രാധാന്യമുള്ള ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് സഹകരണ പ്രസ്ഥാനത്തെയാണ്. എന്നാൽ കാലങ്ങൾക്ക് മുമ്പേ ഈ മുദ്രാവാക്യം ഏറ്റെടുത്ത് വിവിധ വികസന പ്രവർത്തനങ്ങൾ രൂപീകരിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇവ പ്രാവർത്തികമാക്കുന്നതിലും പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി സാമൂഹിക സാമ്പത്തിക രംഗത്ത് ഒരു മുന്നേറ്റം സൃഷ്ടിക്കാനും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. സഹകരണ മേഖലയുടെ പ്രസക്തി അനുദിനം വർദ്ധിച്ചു വരികയാണ്. നൂതന വ്യവസായ പദ്ധതികളും സുസ്ഥിര വികസന പ്രോജക്ടുകളും ആവിഷ്‌കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി സഹകരണ മേഖലയുടെ മേൽവിലാസത്തോടുകൂടി നടപ്പിലാക്കാൻ ശ്രമിച്ചാൽ അവയ്ക്ക് ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത ഉണ്ടാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. ബി. റഫീഖ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിൽ നിന്ന് കഴിഞ്ഞ നാളുകളിൽ വിരമിച്ചവരേയും ഗസറ്റഡ് തസ്തികയിലേയ്ക്ക് ഉദ്യോഗകയറ്റം ലഭിച്ചവരെയും സമ്മേളനത്തിൽ ആദരിച്ചു. 'സഹകരണ മേഖലയും പ്രൊഫഷണലിസവും" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ രാജേഷ് കരിപ്പാൽ വിഷയം അവതരിപ്പിച്ചു. സമ്മേളനത്തിൽ കെ. ദീപക്, പി. രാമചന്ദ്രൻ, സി.എസ്. ഷെമീർ, ബിജു മാത്യു, യു.എം. ഷാജി, കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ടി.കെ. നിസാർ സ്വാഗതവും ഷിജോ മാത്യു നന്ദിയും പറഞ്ഞു. കെ.ബി. റഫീഖ് (ജില്ലാ പ്രസിഡന്റ്), ടി.കെ. നിസാർ (ജില്ലാ സെക്രട്ടറി), ഷിജോ മാത്യു, ജില്ലാ ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.