തൊടുപുഴ: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ ഓഫീസായ വ്യവസായഭവന്റെ ഉദ്ഘാടനം ആറിന് രാവിലെ 11ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ ആദം സ്റ്റാർകോംപ്ലക്‌സിൽ ഒന്നാം നിലയിലാണ് വ്യവസായഭവൻ പ്രവർത്തനം ആരംഭിക്കുന്നത്. വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് തൊടുപുഴ സിനമൺ കൗണ്ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ബേബി ജോർജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് എ. നിസാറുദീൻ പങ്കെടുക്കും. യോഗത്തിൽ 2024 വർഷത്തെ മികച്ച വ്യവസായികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. ജില്ലയിലെ സംഘടനയുടെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം വ്യവസായികൾക്കും നവവ്യവസായികൾക്കും പരിശീലനം നൽകുന്നതിനും സെമിനാറുകൾ, പ്രദർശങ്ങൾ, പ്രോഡക്ട്‌ ലോഞ്ചിങ് എന്നിവയ്ക്കും പുതിയ ഓഫീസിൽ സൗകര്യമുണ്ട്. അസോസിയേഷന് സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും എം.എസ്.എം.ഇയുമായി ബന്ധപ്പെട്ട് എല്ലാ കമ്മറ്റികളിലും പ്രാതിനിധ്യം സർക്കാർ നൽകിയിട്ടുണ്ട്. ജില്ലയിൽ 200 അംഗങ്ങളാണ് സംഘടനക്കുള്ളത്. ഓഫീസ് ഉദ്ഘാടനത്തിന് മുന്നോടിയായി വയനാട്ടിലെ ദുരന്തമേഖലയിൽ ക്യാമ്പുകളിൽ കഴിയുന്നവർക്കും രക്ഷാപ്രവർത്തനം നടത്തുന്നവർക്കുമായി 100 മെത്തകൾ സംഘടനയുടെ നേതൃത്വത്തിൽ കയറ്റി അയക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ബേബി ജോർജ്, സെക്രട്ടറി റെജി വർഗീസ്, ട്രഷറർ സുനിൽ വഴുതലക്കാട്ട്, ജോയിന്റ് സെക്രട്ടറി ജോസി ചെറിയാൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.