തൊടുപുഴ: വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മാവിന് ശാന്തി ലഭിക്കാനായി പ്രത്യേകം പ്രാർത്ഥന നടത്തിയ ശേഷമാണ് മിക്ക ക്ഷേത്രങ്ങളിലും ഇന്നലെ പിതൃതർപ്പണ ചടങ്ങുകൾ നടത്തിയത്. ബലിതർപ്പണ ചടങ്ങുകൾ നടത്തിയ ക്ഷേത്രങ്ങളുടെയും സംഘനകളുടെയും ഭാരവാഹികളും കർമ്മികളും നേതൃത്വം നൽകി. വയനാട് ദുരന്തത്തിൽപ്പെട്ടർക്കായി പ്രത്യേക പ്രാർത്ഥനകളും മൗനാചരണവും നടത്തി. ബലി തർപ്പണത്തിനെത്തിയവർക്ക് മുമ്പാകെ ദുരന്തത്തിന്റെ വ്യാപ്തി ഓർമ്മിപ്പിച്ചതിനൊപ്പം തങ്ങളാലാകും വിധമുള്ള സഹായം നൽകണമെന്നും ഇതിനായി സർക്കാരിനും മറ്റ് സന്നദ്ധ സംഘടനകൾക്കും ഒപ്പം നിലകൊള്ളണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കാഞ്ഞാർ, കാഞ്ഞിരമറ്റം, വെങ്ങല്ലൂർ ചെറായിക്കൽ, മണക്കാട്, അറക്കുളം തുടങ്ങി മിക്ക ക്ഷേത്രങ്ങളിലും പല പന്തികളായിട്ടാണ് പിതൃതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കിയത്. ദുരന്ത ഭൂമിയെയും ദുരന്തത്തിൽപ്പെട്ടവരെയും സ്മരിക്കാനായി ഓരോ പന്തിയുടംയും തുടക്കത്തിൽ തന്നെ സമയം നീക്കി വച്ചിരുന്നു. ഇതിന് ശേഷമാണ് മിക്കയിടങ്ങളിലും തർപ്പണ ചടങ്ങുകൾ പൂർത്തിയാക്കിയത്.