കട്ടപ്പന: സ്വകാര്യ സ്ഥാപനത്തിലേക്ക് ലോഡുമായി വന്ന കണ്ടെയ്‌നർ ലോറി തൊടുപുഴ- പുളിയന്മല ദേശീയപാതയിൽ പുളിയന്മലയ്ക്ക് സമീപം കൊടുംവളവിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മഹാരാഷ്ട്രയിൽ നിന്ന് പൈപ്പുമായെത്തിയ കണ്ടെയ്‌നർ വളവിൽ കുടുങ്ങിയത്. വാഹനത്തിന്റെ പിൻഭാഗം റോഡിൽ ഇടിച്ചു നിന്നതോടെ വാഹനം നീക്കാനും പ്രായാസമുണ്ടായി. ഇതോടെ പാതയിൽ മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു. കട്ടപ്പനയിൽ നിന്ന് പൊലീസ് എത്തിയാണ് ചെറുവാഹനങ്ങൾ കടത്തിവിട്ടത്. ജെ.സി.ബി എത്തിച്ച് വാഹനം മാറ്റാൻ ശ്രമിച്ചെങ്കിലും രണ്ടര മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. കഴിഞ്ഞ ദിവസവും ഇവിടെ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. കട്ടപ്പന- പുളിയന്മല റോഡിലെ വളവുകളിൽ വീതി കൂട്ടണമെന്ന ആവശ്യമാണ് യാത്രക്കാരും പ്രദേശവാസികളും പറയുന്നത്.