തൊടുപുഴ: നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ് 12ന് രാവിലെ 11ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. കൈക്കൂലി കേസിൽ പ്രതിയായതിനെ തുടർന്ന് ചെയർമാനായിരുന്ന സനീഷ് ജോർജ്ജ് രാജി വച്ചതിനാലാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒമ്പതാം വാർഡിലെ തിര‌ഞ്ഞെടുപ്പ് വിജയത്തോടെ കൗൺസിലിൽ എൽ.ഡി.എഫിനേക്കാൾ ഒരംഗം കൂടുതലായ യു.ഡി.എഫിനാണ് ഭരണം ലഭിക്കാനുള്ള സാദ്ധ്യത. യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേർന്ന 11-ാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ 35 അംഗ കൗൺസിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്. ഇപ്പോൾ യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 12, ബി.ജെ.പി- 8, സ്വത്രന്തൻ(സനീഷ് ജോർജ്ജ്)- 1 എന്നിങ്ങനെയാണ് കക്ഷി നില. യു.ഡി.എഫ് സ്ഥാനാർത്ഥികളായി ജയിച്ച ശേഷം എൽ.ഡി.എഫിന് ഒപ്പം ചേർന്ന ജെസി ജോണിയും മാത്യു ജോസഫും കൂറുമാറ്റ നിരോധന നിയമ പ്രകാരം പുറത്തായതോടെയാണ് കൈവിട്ടു പോയ ഭരണം പിടിക്കാൻ യു.ഡി.എഫിന് അനുകൂല സാഹചര്യമൊരുങ്ങിയത്. ജെസി ജോണി വിജയിച്ച വാർഡിൽ കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയും മാത്യു ജോസഫിനെ അയോഗ്യനാക്കുകയും ചെയ്തതോടെ എൽ.ഡി.എഫ് പക്ഷത്ത് രണ്ടു സീറ്റുകൾ കുറഞ്ഞു. ഇതോടെ എൽ.ഡി.എഫ് 12 സീറ്റിലേക്ക് താഴ്ന്നു. യു.ഡി.എഫിന് 13 സീറ്റായി ഉയരുകയും ചെയ്തു. ചെയർമാൻ സ്ഥാനം രാജിവച്ച ശേഷം സ്വതന്ത്രനിലപാടെടുത്ത സനീഷ് ജോർജ് യു.ഡി.എഫിനൊപ്പം നിൽക്കുകയോ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയോ ചെയ്താൽ ഭരണം അവർക്ക് ലഭിക്കും. ചെയർമാൻ തിരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് സനീഷ് കഴിഞ്ഞ ദിവസം അറിയിച്ചത്. അങ്ങനെ വന്നാൽ യു.ഡി.എഫിന് മൂന്നര വർഷത്തിന് ശേഷം ഭരണം ലഭിക്കും. സനീഷ് ജോർജ് എൽ.ഡി.എഫിനൊപ്പം തന്നെ നിന്നാൽ തുല്യം അംഗങ്ങളാകുകയും നറുക്കെടുപ്പു വേണ്ടി വരികയും ചെയ്യും.