കട്ടപ്പന: കഴിഞ്ഞദിവസം കനത്ത മഴയിൽ കട്ടപ്പന ട്രൈബൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ കെട്ടിടത്തിന് പിൻവശത്ത് മൺഭിത്തി ഇടിഞ്ഞുവീണു. മണ്ണിനോടൊപ്പം ഭീമൻ പാറക്കല്ലും സ്‌കൂളിന്റെ കെട്ടിടത്തിനു സമീപത്തേക്ക് പതിച്ചു. ഇതോടെ കെട്ടിടം അപകട ഭീഷണിയിലായി. ജനൽ ചില്ലുകൾ തകർന്നതിനൊപ്പം മണ്ണ് കെട്ടിടത്തിന് പിന്നിൽ തങ്ങിനിൽക്കുന്നത് കെട്ടിടത്തിനുള്ളിൽ വെള്ളം ഈർപ്പമായി ഒലിച്ചിറങ്ങുന്നതിനും കാരണമായി. ഹയർസെക്കൻഡറി വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് മുറികളിലാണ് വെള്ളം ഒലിച്ചിറങ്ങി അപകടാവസ്ഥയിലായത്. ഇതോടെ വിദ്യാർത്ഥികൾക്ക് ഇവിടെ പഠനം നടത്താൻ സാധിക്കാത്ത സ്ഥിതിയുമുണ്ടായി. തുടർന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി റോഷി ആഗസ്റ്റിൻ സ്‌കൂളിൽ സന്ദർശിച്ചു. മണ്ണും കല്ലും നീക്കാൻ നഗരസഭയോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. വീണ്ടും മണ്ണ് ഇടിയാതിരിക്കാൻ സംരക്ഷണഭിത്തി പണിയുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറോട് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.