മാങ്കുളം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഒഴിവാക്കി പള്ളിവാസൽ പഞ്ചായത്തും ആനച്ചാൽ പൗരാവലിയും. സ്വാതന്ത്ര ദിനാഘോഷങ്ങൾക്കായി മാറ്റി വച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വയനാട്ടിലെ ദുരിത ബാധിതർക്കൊപ്പം നിൽക്കുമെന്നും പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .ജി പ്രതീഷ്‌കുമാർ പറഞ്ഞു.മുൻവർഷങ്ങളിൽ പള്ളിവാസൽ പഞ്ചായത്തും ആനച്ചാൽ പൗരാവലിയും സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായ രീതിയിൽ നടത്തിയിരുന്നു. ഇതിനായി വേണ്ടുന്ന ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ വയനാട് ദുരന്തത്തിൽ നിരവധി ജീവനുകൾ നഷ്ടമായ സാഹചര്യത്തിൽ ഉരുൾ കവർന്ന് ജീവിതം വിറങ്ങലിച്ച് നിൽക്കുന്ന ജനതയ്ക്ക് സഹായഹസ്തമൊരുക്കിയാണ് ഇത്തവണത്തെ വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളത്.