ripples

അടിമാലി :മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നല്ലൊരു ഇടത്താവളമായിരുന്ന ടൂറിസ്റ്റ് കേന്ദ്രം ഇപ്പോൾ സഞ്ചാരികൾക്ക് മുന്നിൽ വാതിൽ കെട്ടിയടച്ച നിലയിലാണ്. രാജാക്കാട് മേഖലയിലെ ഡി. ടി. പി. സിയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് അടച്ചുപൂട്ടിയത്. ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾ അടുത്തുള്ള സ്വകാര്യസങ്കേതങ്ങളെ അഭയം പ്രാപിക്കുകയാണ്.രാജാക്കാട് പഞ്ചായത്തിൽപ്പെടുന്ന പ്രശസ്തമായ റിപ്പിൾ വാട്ടർഫാൾസ് കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. മൂന്നാറിൽ നിന്നും 18 കിലോമീറ്റർ അകലെ തേക്കിൻകാനത്തിന് സമീപം ശ്രീനാരായണപുരത്ത് പ്രവർത്തിക്കുന്ന ഈ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ളതാണ്.വിദേശികളും സ്വദേശികളുമായി നിരവധി സഞ്ചാരികളാണ് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് ഇവിടെ എത്താറുള്ളത്.സംസ്ഥാന വിനോദസഞ്ചാര വകുപ്പിനും അതുവഴി ബജനാവിലേക്കും ലക്ഷങ്ങൾ വരുമാനമുള്ള ഈ സ്ഥാപനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തിരിക്കുന്നതായാണ് ആരോപണം. മെയിന്റനൻസ് എന്ന് പറഞ്ഞാണ് പൂട്ടിയിരിക്കുന്നത്. സർക്കാർ സ്ഥാപനം മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പൂട്ടിയതിന്റെ ഗുണം ലഭിക്കുന്നത് സ്വകാര്യ വ്യക്തികൾക്കാണ്. റിപ്പിൾ വാട്ടർഫാൾസ് തുറക്കാതിരിക്കാൻ ചില രാഷ്ട്രീയ ഇടപെടലുകൾ നടന്നതായു ആരോപണമുണ്ട്. ഇത് സംബന്ധിച്ച് ടൂറിസംമന്ത്രി മുഹമ്മദ് റിയാസിന് പരാതികൾ അയച്ചിട്ടുണ്ട്.

പൂട്ടാനെന്തെളുപ്പം

വിനോദ സഞ്ചാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ശ്രീനാരായണപുരം റിപ്പിൾ വാട്ടർഫാൾസ് ഇടുക്കി ജില്ല വിനോദ സഞ്ചാരവകുപ്പിന് ഏറ്റവും വലിയ മുതൽക്കൂട്ടായിരുന്നു. എങ്ങനെ ഒരു സർക്കാർ സംരംഭത്തെ തകർക്കാമെന്നതിന് ഉത്തമ ഉദാഹരണമാണ് റിപ്പിൾ വാട്ടർഫാൾസ്. മിതമായ നിരക്കിൽ വിനോദസഞ്ചാരികൾക്ക് ലഭ്യമായിരുന്ന കേന്ദ്രത്തെ ഇല്ലാതാക്കാൻ കൂട്ട് നിൽക്കുന്നവർക്കെതിരെ സമഗ്രഅന്േഷണം വേണം എന്ന ആവശ്യമാണ് ഉയരുന്നത്.