ഏഴ്മാസത്തിനുള്ളിൽ കടിയേറ്റത് 3431 പേർക്ക്

തൊടുപുഴ: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ തെരുവിൽ അലഞ്ഞു തിരിയുന്ന നായ്ക്കളുടെയും മറ്റും കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു. ജനുവരി ഒന്നു മുതൽ ഇന്നലെ വരെ ഈ വർഷം ജില്ലയിൽ 3431 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഇന്നലെ മാത്രം 11 പേർക്ക് കടിയേറ്റതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഈ മാസം 370 പേർക്കും ഈ ആഴ്ചയിൽ 58 പേർക്കും കടിയേറ്റു. പാതയോരങ്ങളിലും മറ്റും കൂട്ടത്തോടെയാണ് തെരുവ് നായ്ക്കൾ തമ്പടിക്കുന്നത്. തൊടുപുഴ നഗരത്തിൽ പല ഭാഗത്തും കടവരാന്തകളും മറ്റും നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. പുലർച്ചെയാണ് നായ്ക്കൾ പലയിടങ്ങളിലും കൂട്ടമായെത്തുന്നത്. പ്രഭാത നടത്തത്തിനിറങ്ങുന്നവർക്കും പുലർച്ചെ ജോലിയ്ക്കു പോകുന്നവർക്കുമെല്ലാം ഇവ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
തദ്ദേശ സ്ഥാപന ലൈസൻസോടെ വീടുകളിൽ വളർത്തുന്നതും ഉടമസ്ഥരില്ലാതെ തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതും ഉൾപ്പെടെയുള്ളവയുടെ ആക്രമണങ്ങൾ അടിക്കടിയുണ്ടാകുന്നത് വലിയ ഭീഷണിയാണുയർത്തുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴ ന്യുമാൻ കോളജ് റോഡിൽ ഇരുചക്ര വാഹന യാത്രക്കാരന് നേരെ തെരുവുനായ ഉച്ചത്തിൽ കുരച്ച് പാഞ്ഞടുത്തിരുന്നു. പാതയോരത്ത് കിടന്നിരുന്ന മരക്കൊമ്പ് റോഡിൽ അടിച്ച് ബഹളം വച്ചാണ് ഇയാൾ തെരുവ് നായയെ തുരത്തിയത്. ഒളമറ്റം സ്വദേശിയായ ഇദ്ദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോയി ബന്ധുവിനെ കണ്ട് തിരികെ വന്നപ്പോഴാണ് സംഭവം. ഇരുചക്ര വാഹനം പാതയോരത്ത് ഒതുക്കി നിർത്തി മൊബൈൽ ഫോണിൽ സംസാരിച്ച് നിൽക്കുമ്പോഴാണ് തെരുവ് നായ കുരച്ചു കൊണ്ട് പാഞ്ഞടുത്തത്.
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കാഞ്ഞിരമറ്റം ജംഗ്ഷൻ, ധന്വന്തരി ജംഗ്ഷൻ, അമ്പലം ബൈപാസ് എന്നിവിടങ്ങളിലെ വെയിറ്റിംഗ് ഷെഡുകൾ, ഗാന്ധി സ്‌ക്വയർ എന്നിവിടങ്ങളിലെല്ലാം രാപകൽ വ്യത്യാസമില്ലാതെയാണ് തെരുവ് നായ്ക്കൾ കറങ്ങുന്നത്. ബസ് സ്റ്റാൻഡിലൂടെ നടന്ന് പോകുന്നവർക്ക് നേരെയും ബസ് കാത്ത് നിൽക്കുന്നവർക്ക് നേരെയും ഇവറ്റകൾ ചില സമയങ്ങളിൽ കുരച്ചു കൊണ്ട് പാഞ്ഞടുക്കാറുണ്ടെന്ന് ഇവിടുത്തെ കച്ചവടക്കാർ പറയുന്നു. പല സ്ഥലത്തും ആശുപത്രി പരിസരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, അടഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെയാണ് തമ്പടിക്കുന്നത്. നായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവയുടെ വംശവർദ്ധന തടയുന്നതിനാവശ്യമായ പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയരുന്നുണ്ട്.

പ്രതിരോധ

പ്രവർത്തനങ്ങളെല്ലാം നിലച്ചു

നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. നായ്ക്കൾ പെരുകുന്നത് തടയാനുള്ള എ.ബി.സി പ്രോഗ്രാം പോലും ഇപ്പോൾ കാര്യക്ഷമമായി നടപ്പാക്കുന്നില്ല. നായ്ക്കളുടെ വന്ധ്യംകരണം നടത്താനുള്ള പ്രാഥമിക ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾ, വെറ്റിനറി ആശുപത്രികൾ തുടങ്ങിയവർക്കാണ്. ഇതിനുള്ള എ.ബി.സി പദ്ധതി ചില തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കിയിരുന്നു. എന്നാൽ ജില്ലയിലെ മിക്കവാറും തദ്ദേശ സ്ഥാപന അധികൃതർ ഇതിൽ നിന്ന് മുഖം തിരിക്കുന്ന അവസ്ഥയാണ്. വന്ധ്യംകരണം, സുരക്ഷിത സ്ഥലത്ത് പാർപ്പിക്കൽ, തുടർചികിത്സ തുടങ്ങിയ കാര്യങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ട് വിനിയോഗിക്കാൻ സർക്കാരിൽ നിന്ന് അനുമതിയുമുണ്ട്. നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താൻ ജില്ലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ആളുകൾക്ക് പരിശീലനവും നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ നിന്നൊക്കെ അധികൃതർ പിന്നോട്ട് പോകുകയാണ്. മറ്റുള്ളവർക്ക് ഉപദ്രവമാകാതെ വീടുകളിൽ വളർത്തുന്നതിനായി ലൈസൻസ് എടുത്തിട്ടുള്ള നായ്ക്കളേയും വീടിന് പുറത്തേയ്ക്ക് അഴിച്ച് വിടുന്നതായി വ്യാപകമായ പരാതികളാണ് പല തദ്ദേശ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും ലഭിക്കുന്നത്.