road

> അമർജവാൻ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ സ്ഥാപിച്ചത് വെറും ഇരുമ്പ് വേലി.

> സംരക്ഷണ ഭിത്തി ഇടിഞ് വർഷങ്ങളായിട്ടും പരിഹാരം കാണുന്നില്ല

> ഇരുമ്പു വേലി സ്ഥാപിച്ചതോടെ വാഹനങ്ങൾ കഷ്ടിച്ചു മാത്രം കടന്നു പോകുന്നു,

കട്ടപ്പന : പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ബസ്സുകൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന പാതയായ അമർജവാൻ റോഡിലെ ഇടിഞ്ഞ സംരക്ഷണഭിത്തി ഇനിയും പരിഹരിക്കാതെ കിടക്കുന്നു. മുനിസിൽ കാര്യാലയത്തിന്റെ നേർ എതിർവശത്തെ പ്രധാന പാതകൂടിയായ ഇവിടെ
ഏഴുവർഷമായി വലിയ അപകട ഭീഷണിയാണ് നിലനിൽക്കുന്നത്. റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതാണ് അപകടാവസ്ഥയ്ക്ക് കാരണം. ഇത് പരിഹരിക്കാൻ നഗരസഭ ഇരുമ്പ് കമ്പികൾ കൊണ്ട് ഒരു വേലി തീർക്കുകയായിരുന്നു. സംരക്ഷണഭിത്തി ഇടിഞ്ഞു പോകുന്നതിന് റോഡിന് മുകളിൽ വേലി തീർത്തത് എന്തിനാണ് എന്ന ചോദ്യം പലവട്ടം നാട്ടുകാർ ഉന്നയിച്ചു വെന്നല്ലാതെ ആർക്കും ഉത്തരമില്ല.
തകർന്ന സംരക്ഷണഭിത്തി പണിയാൻ വാഗ്ദാനങ്ങൾ ഉണ്ടായതല്ലാതെ നടപടികൾ ഇല്ല.

2017 ഓഗസ്റ്റ് 29നു റോഡിന്റെ അരുക് ഇടിഞ്ഞതിനെ തുടർന്ന് ഇവിടെ കല്ലുകൾ നിരത്തിയശേഷം അവശേഷിക്കുന്ന ഭാഗത്തു കൂടിയാണു വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. 2018 ഓഗസ്റ്റു പകുതിയോടെ കാലവർഷം ശക്തിപ്രാപിച്ചപ്പോൾ ഇതിനു സമീപത്തായി വീണ്ടും വൻതോതിൽ മണ്ണിടിഞ്ഞു. വാഹനങ്ങൾ എത്തിയാൽ വീണ്ടും മണ്ണിടിയുമെന്ന സ്ഥിതിയതിനാൽ ആദ്യം ചെറുവാഹനങ്ങൾ മാത്രമാണു കടത്തിവിട്ടിരുന്നത്. ട്രഷറിക്കു സമീപത്തു കൂടി റസ്റ്റ് ഹൗസിനു സമീപം ചെന്നെത്തുന്ന റോഡിലൂടെയാണു ബസുകൾ കടത്തിവിട്ടിരുന്നത്. ഇതു വൻ ഗതാഗതക്കുരുക്കിനു കാരണമായതോടെ ബസുകൾ വീണ്ടും അമർജവാൻ റോഡിലൂടെ കടത്തിവിടാൻ തീരുമാനിച്ചു. അതിനുശേഷം നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വകയിരുത്തി കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായി. എന്നാൽ നടപടി ഉണ്ടായില്ല.റോഡിൽ നിന്ന് നഗരസഭാ സ്റ്റേഡിയത്തിലേക്കാണ് മണ്ണിടിഞ്ഞു വീണിരിക്കുന്നത്. അതിനാൽ സ്റ്റേഡിയത്തിന്റെ ഭാഗത്ത് ഇരിപ്പിടവും റോഡിന്റെ ഭാഗത്തേയ്ക്ക് ഷട്ടറുകളും നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്നാണ് നഗരസഭ ലക്ഷ്യമിട്ടത്. സ്റ്റേഡിയത്തിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും മണ്ണിടിഞ്ഞ ഭാഗത്ത് ഇതുവരെ യാതൊരു പണികളും നടത്തിയിട്ടില്ല. ആരംഭിച്ച പണികൾ എങ്ങുമെത്താതെ നിലയ്ക്കുകയും ചെയ്തു. കഴിഞ്ഞ വർഷം വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിട്ടും അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാതെ ടാറിങ്ങിൽ വേലി സ്ഥാപിക്കുകയാണ് അധികൃതർ ചെയ്തത്.

പേടിയോടെ

യാത്രക്കാർ

റോഡിൽ ഇരുമ്പ് വേലി സ്ഥാപിച്ചതോടെ കഷ്ടിച്ച് ഒരു ബസിന് മാത്രം കടന്നുപോകാവുന്ന നിലയിലേക്ക് റോഡിന്റെ വീതി കുറഞ്ഞു. അതിനാൽ പല വാഹനങ്ങളും വേലിയിൽ തട്ടുന്നത് പതിവായി . കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന തൂണുകൾ ഇളകാനും വേലി നശിക്കാനും ഇത് കാരണമായി. തൂണിൽ നിന്ന് വേർപെട്ടു കിടക്കുന്ന കമ്പികൾ കാൽനട യാത്രക്കാർ അടക്കമുള്ളവർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. അതോടൊപ്പം വേലിയുടെ ഇരുവശത്തും ഇരുമ്പ് കമ്പികൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാതെ തെറിച്ചു നിൽക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കടക്കം വലിയ ഭീഷണിയാണ് ഉയർത്തുന്നത് .