പീരുമേട്: പീരുമേടിന്റെ മൊട്ടക്കുന്നുകളിലും മലനിരകളിലും ദൃശ്യവിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തു. പഞ്ചായത്തിലെ പരുന്തുംപാറയിലെ മൊട്ടക്കുന്നുകളിലും കുട്ടിക്കാനം, ആഷ്ലി, മലനിരകൾക്കും നീലിമ പകർന്നാണ് കുറിഞ്ഞി പൂത്തുത്. മുൻ വർഷങ്ങളിലും പ്രദേശത്ത് കുറിഞ്ഞി പൂത്തിരുന്നു. നിരനിരയായി കൂട്ടത്തോടെ പൂത്തുനിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനും വിനോദസഞ്ചാരികളും എത്തിയിരുന്നു. സമ്പർക്ക വിലക്ക് നിലനിൽക്കുന്നതിനാൽ ഇപ്പോൾ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. മൂന്നാർ, നീലഗിരി, എന്നിവിടങ്ങളിലാണ് കുറിഞ്ഞികൾ കൂടുതലായി കാണപ്പെടുന്നത്. പശ്ചിമഘട്ട മലനിരകളുടെ സ്വന്തമായ നീലക്കുറിഞ്ഞി പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂക്കുന്നത്. നീലക്കുറിഞ്ഞിയുടെ ഉപവിഭാഗമാണ് ഇവിടെ പൂത്തിരിക്കുന്നത്. ഒരു വർഷം കൂടമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്ന കുറിഞ്ഞിച്ചെടികളും ഉണ്ട്. വശ്യതയാർന്ന നീലനിറമുള്ളതിനാൽ നീലക്കുറിഞ്ഞിയെന്നും മേടുകളിൽ കാണപ്പെടുന്നതിനാൽ മേട്ടുക്കുറിഞ്ഞിയെന്നും ഇവ അറിയപ്പെടുന്നു.
മൂന്നുമാസംവരെ
നിലനിൽക്കും
വർഷം തോറും പൂവിടുന്ന ഈ കുറ്റിച്ചെടിയുടെ ശാസ്ത്രീയ നാമം സ്ട്രോബൈലാന്തസ് വൈറ്റിയാനസ് എന്നാണ്. ഇളം വയലറ്റ്, നീല നിറങ്ങളിലാണ് ഇവ പൂക്കുന്നത്. മഴയില്ലാത്ത കാലാവസ്ഥയിൽ മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും.