കട്ടപ്പന :ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കാനായി നാളെ രാവിലെ എട്ടു മുതൽ ഇരട്ടയാർ ഗ്രീൻ ഡേയ്സ് ഡ്രൈവിങ് സ്‌കൂൾ അങ്കണത്തിൽ സഞ്ജീവനം എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കും. ഉടുമ്പൻചോല സബ് റീജനൽ ട്രാൻസ്‌ഫോർട്ട് ഓഫിസ്, ഡി.എ.ഡബ്ല്യു.എഫ് ജില്ലാ കമ്മിറ്റി, ചേറ്റുകുഴി ലയൺസ് ക്ലബ്, വലിയതോവാള ഗ്രീൻസിറ്റി റോട്ടറി ക്ലബ്, ഉടുമ്പൻചോല താലൂക്ക് ഡ്രൈവിങ് സ്‌കൂൾ സംഘടന എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.
ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാർക്കും പരിപാടിയിൽ പങ്കെടുക്കാം. ലേണേഴ്സിന്റെ കാലാവധി അവസാനിച്ചവർക്ക് അത് പുതുക്കിയെടുത്ത് ലൈസൻസ് നേടാനും പുതുതായി ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. മെഡിക്കൽ പരിശോധനയ്ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ സിവിൽ സർജൻ ഡോ.ശ്രീജിത്ത് നേതൃത്വം നൽകും. ഡോ.സിനിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനയും നടക്കും. ഇ.എൻ.ടി.യുടെ സേവനം ഇല്ലാത്തതിനാൽ അതിന്റെ സർട്ടിഫിക്കറ്റ് ഭിന്നശേഷിക്കാർ കൈയിൽ കരുതണം. ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി ബുക്ക്), ആധാർ കാർഡ്, ബ്ലഡ് ഗ്രൂപ്പ് വിവരം, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് തുടങ്ങിയവ രേഖകൾ ഉണ്ടായിരിക്കണം. രാവിലെ ക്ലാസിനുശേഷം നടക്കുന്ന ലേണേഴ്സ് പരീക്ഷയിൽ ജയിക്കുന്നവർക്ക് ഒരുമാസത്തിനുശേഷം ഡ്രൈവിങ് ടെസ്റ്റും നടത്തി ലൈസൻസ് നൽകും. ലയൺസ് ക്ലബും റോട്ടറി ക്ലബും ചേർന്നാണ് പരിപാടിയുടെ സാമ്പത്തിക ചിലവ് വഹിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ പി.എം.ഷബീർ നിർവഹിക്കും. എം.എം.മണി എം.എൽ.എ, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി എന്നിവർ പങ്കെടുക്കും.