കട്ടപ്പന : ശമ്പളവും ആനുകൂല്യങ്ങളും നൽകാത്തതിനു പുറമേ തോാം തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് എസ്റ്റേറ്റ് തൊഴിലാളികൾ കയ്യേറി.അയ്യപ്പൻകോവിൽ അയ്യര്പാറ നെടുംപറമ്പിൽ എസ്റ്റേറ്റാണ് തൊഴിലാളികൾ കയ്യേറിയത്.മുന്നൂറോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു. എന്നാൽ രണ്ടുവർഷമായി ബോണസോ, ഗ്രാറ്റുവിറ്റിയോ നൽകിയിട്ടില്ല. ഒപ്പം ശമ്പള കുടിശ്ശികയും തൊഴിലാളികൾക്ക് ലഭിക്കാണ്ട് . മാസങ്ങളായി എസ്റ്റേറ്റ് തുറന്നു പ്രവർത്തിക്കുന്നുമില്ല. മാനേജ്‌മെന്റുമായി പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികളുടെ ശമ്പള കുടിശിക തീർക്കുന്നതിനോ ആനുകൂല്യങ്ങൾ നൽകുന്നതിനോ എസ്റ്റേറ്റ് തുറന്നു പ്രവർത്തിക്കുന്നതിനോ വേണ്ട നടപടികൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അധികാരികൾക്ക് നിരവധിയായ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഏറെ ശോചനീയാവസ്ഥയിലാണ്. കുടിവെള്ളത്തിനടക്കം വലിയ ബുദ്ധിമുട്ടും നേരിടുന്നു. സുരക്ഷിതത്വമുള്ള ശുചിമുറികളോ ലയങ്ങളോ ഇവിടെയില്ല . ചെറിയ കുട്ടികളെയും കൊണ്ട് വലിയ ദുരവസ്ഥയിൽ തന്നെയാണ് തൊഴിലാളികൾ എസ്റ്റേറ്റിൽ ജീവിതം തള്ളിനീക്കുന്നത്.
കയ്യേറിയത്
430 ഏക്കർ
സി.ഐ.ടി.യു, ബി.എം.എസ്, എൻ. എൽ.സി , ഐ.എൻ.ടി.യു.സി തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികളെ ഉൾപ്പെടുത്തി 430 ഏക്കർ വരുന്ന എസ്റ്റേറ്റ് കയ്യടക്കി. ഒരു തൊഴിലാളിക്ക് ഒരേക്കർ കണക്കിലാണ് സ്ഥലം തിരിച്ചു നൽകുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം തൊഴിലാളിക്ക് ഉപജീവനത്തിനായി ഉപയോഗിക്കാം. അതേസമയം തൊഴിലാളികൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളും ശമ്പളവും മാനേജ്‌മെന്റ് നൽകാൻ തയ്യാറാണെങ്കിൽ മാത്രമേ സ്ഥലം തിരിച്ചു നൽകു എന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്നത്. ഈ വിവരം എസ്റ്റേറ്റ് മാനേജ്‌മെന്റിനെ അറിയിക്കുകയും കുടിശ്ശിക തീർക്കുന്നതിനും എസ്റ്റേറ്റ് തുറന്നു പ്രവർത്തിക്കുന്നതിനും വേണ്ടി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
=മാനേജ്‌മെന്റ് ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഉണ്ടാവാത്ത സ്ഥിതിയിലുമാണ് ഐക്യ ട്രെയ്ഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികളും ജീവനക്കാരും തോട്ടം കയ്യേറിയത്.
=മാനേജ്‌മെന്റിന്റെ നിലപാട് അനുകൂലമല്ലെങ്കിൽ തങ്ങൾ പിടിച്ചെടുത്ത ഭൂമിയിൽ പണികൾ ആരംഭിക്കുമെന്നാണ് തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയത്.